നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി സിനിമാതാരവും ബി.ജെ.പി എംപിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ


ന്യൂഡല്‍ഹി: നിതീഷ് കുമാറുമായുള്ള ചങ്ങാത്തം ബി.ജെ.പി കേന്ദ്രങ്ങളില്‍ മുറുമുറപ്പാവുന്നതിനിടെ നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി സിനിമാതാരവും ബി.ജെ.പി എംപിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ. ഊര്‍ജസ്വലനായി പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി കരുത്തുറ്റയാളാണെന്നും, ആക്ഷന്‍ ഹീറോ പരിവേഷമാണുളളതെന്നും ഒരു ടെലിവിഷന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ശത്രുഘ്‌നന്‍ സിന്‍ഹ വ്യക്തമാക്കി.
നരേന്ദ്രമോദി കരുത്തുറ്റ നായകനാണ്. തനിക്ക് മന്ത്രിസ്ഥാനം നല്‍കാത്തതില്‍ പൊതുജനങ്ങള്‍ അസ്വസ്ഥരാണ്. എന്നാല്‍ മന്ത്രിസഭാംഗങ്ങളെ തീരുമാനിക്കുന്നത് പ്രധാനമന്ത്രിയാണ്. അദ്വാനി പക്ഷം ചേര്‍ന്നതിന് താന്‍ അരികുവത്കരിക്കപ്പെട്ടോ എന്നുവരെ പലരും തന്നോട് ചോദിച്ചിട്ടുണ്ട്. ക്ഷണിക്കാത്തതിനാലാണ് മോദിയുടെ റാലികളില്‍ പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, നിതീഷ്‌കുമാര്‍ നല്ല മുഖ്യമന്ത്രിയാണ്. അദ്ദേഹം തന്റെ സുഹൃത്താണ്. പാര്‍ട്ടിയും സൗഹൃദവുമായി ബന്ധമില്ല. ബി.ജെ.പിയുടെ ലക്ഷ്മണ രേഖ താന്‍ ലംഘിച്ചിട്ടില്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി.
ബിഹാര്‍ തെരഞ്ഞെടുപ്പ് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ‘ലിറ്റ്മസ് ടെസ്റ്റ്’ ആണ്. ലോക്ജനശക്തി നേതാവും കേന്ദ്രമന്ത്രിയുമായ രാം വിലാസ് പാസ്വാനെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുന്നത്. അദ്ദേഹം എന്തുകൊണ്ടും അതിന് അനുയോജ്യനാണ്.
തന്റെ ഭാര്യ ജെ.ഡി.യുവില്‍ ചേര്‍ന്നുവെന്നത് കുപ്രചാരണമാണെന്നും ചില ബി.ജെ.പി പ്രവര്‍ത്തകര്‍ തന്റെ പേര് മോശമാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നേരത്തെ ബീഹാറില്‍ മുഖ്യമന്ത്രി നിതിഷ് കുമാര്‍പ്രധാനമന്ത്രി നരേന്ദ്രമോഡി വാക്‌പോരുകള്‍ക്കു ശേഷം ശത്രുഘ്‌നന്‍ സിന്‍ഹ നിതീഷിനെ സന്ദര്‍ശിക്കുകയും പുകഴ്ത്തുകയും ചെയ്തിരുന്നു. ഇത് ബി.ജെ.പി കേന്ദ്രങ്ങളില്‍ ആശങ്ക ഉളവാക്കിയിരുന്നു.




Sharing is Caring