നടി ആക്രമിക്കപ്പെട്ട കേസ്: കോടതിയില്‍ പരിശോധിച്ച ദൃശ്യങ്ങള്‍ ദിലീപിന് എന്തിനാണെന്ന് ഹൈക്കോടതി


കൊച്ചി: നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത് എന്തിനെന്ന് ഹൈക്കോടതി. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടനും കേസിലെ എട്ടാം പ്രതിയുമായ ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ചോദിച്ചത്. അങ്കമാലി കോടതിയില്‍ വെച്ച്‌ പ്രതിഭാഗത്തെ ദൃശ്യങ്ങള്‍ കാണാന്‍ അനുവദിച്ചതല്ലേ എന്നും കോടതി ചോദിച്ചു.


അതേസമയം, ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതായി സംശയിക്കുന്നുണ്ടെന്നും ഇക്കാര്യം പരിശോധിക്കാനാണ് ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നതെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളിലെ സ്ത്രീശബ്ദവും പുരുഷ ശബ്ദങ്ങളും തമ്മിലുള്ള തീവ്രതയില്‍ വ്യത്യാസമുണ്ട്. ഇതുസംബന്ധിച്ച വിവരങ്ങള്‍ പോലീസ് മറച്ചുവെക്കാന്‍ ശ്രമിക്കുകയാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു.


നടി ആക്രമിക്കപ്പെട്ട കേസില്‍ എറണാകുളം സെഷന്‍സ് കോടതിയില്‍ വിചാരണ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ ദൃശ്യങ്ങള്‍ ഒഴികെയുള്ള തെളിവുകള്‍ പ്രതിയായ ദിലീപിന് നല്‍കണമെന്ന് വിചാരണ വേളയില്‍ സെഷന്‍സ് കോടതി നിര്‍ദേശിച്ചിരുന്നു.

കേസിലെ എല്ലാ തെളിവുകളും ലഭിക്കാന്‍ പ്രതിയ്ക്ക് അവകാശമുണ്ടെന്ന് കാണിച്ചാണ് ദിലീപ് വിചാരണയ്ക്ക് ദിവസങ്ങള്‍ മാത്രം മുമ്ബ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. ഇതില്‍ തീരുമാനമാകും വരെ വിചാരണ മാറ്റിവെക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ച കോടതി വിചാരണ വൈകിപ്പിക്കണമെന്ന ആവശ്യം തള്ളുകയായിരുന്നു.

നേരത്തേ, കേസ് പരിഗണനയിലിരുന്ന അങ്കമാലി കോടതിയിലും ദിലീപ് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍, ഇത് ആക്രമിക്കപ്പെട്ട നടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഉപയോഗിക്കപ്പെട്ടേക്കാമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച്‌ കോടതി തള്ളുകയായിരുന്നു. അതേസമയം, ദിലീപിന്റെ അഭിഭാഷകനെ മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തില്‍ ദൃശ്യങ്ങള്‍ കാണാന്‍ അനുവദിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ്, ദൃശ്യങ്ങളിലെ സ്ത്രീശബ്ദത്തില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്ന വാദവുമായി പ്രതിഭാഗം രംഗത്തെത്തിയത്.

ദൃശ്യങ്ങള്‍ പ്രതിയ്ക്ക് നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലും ശക്തമായി എതിര്‍ത്തിട്ടുണ്ട്. പ്രതിയ്ക്ക് തെളിവുകള്‍ നല്‍കണമെന്ന് ക്രിമിനല്‍ ചട്ടം നിര്‍ദേശിക്കുന്നുണ്ടെങ്കിലും ഈ കേസില്‍ പ്രത്യേക സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് പ്രോസിക്യൂഷന്‍ വാദിക്കുന്നു. ദൃശ്യങ്ങള്‍ കേസിലെ പ്രധാന പ്രതിയുടെ കൈവശമുള്ളപ്പോള്‍ ആക്രമിക്കപ്പെട്ട പെണ്‍കുട്ടി എങ്ങനെ നിര്‍ഭയമായി വിചാരണ നടപടിയില്‍ പങ്കെടുക്കുമെന്നും പ്രോസിക്യൂഷന്‍ ചോദിക്കുന്നു.



Sharing is Caring