നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ നടന്ന കാര്യങ്ങളെല്ലാം മുഖ്യമന്ത്രി പിണറായി വിജയന് പച്ചവെള്ളം പോലെ അറിയാമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. ഈ കേസില്‍ വേണ്ടപ്പെട്ട ഒരാള്‍ മുഖ്യമന്ത്രിയെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടെന്നും കെ.സുരേന്ദ്രന് തന്റെ ഫെയ്സ്ബുക്കില്‍ പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയന് ഇന്നു നേരിടുന്ന എല്ലാ പ്രതിസന്ധികളിൽ നിന്നും താൽക്കാലികമായെങ്കിലും രക്ഷപ്പെടാനും ചീത്തപ്പേരുകൾ കുറച്ചെങ്കിലും ഇല്ലാതാക്കാനും പറ്റിയ ഒന്നാന്തരം അവസരമായിരുന്നു നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്സ് തെളിയിക്കുക എന്നത്. എന്നാൽ അദ്ദേഹം അതിനു തയ്യാറല്ല എന്നാണ് തോന്നുന്നത്. ഈ കേസ്സിൽ ആദ്യദിവസം മുതലുള്ള എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിക്ക് അറിയാം.

ഇഷ്ടക്കാർക്കുവേണ്ടി എന്തും ചെയ്യുന്ന നേതാവാണ് മുഖ്യമന്ത്രി പിണറായി വിജയന് . ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ കെ. കരുണാകരനെപ്പോലെ. അദ്ദേഹത്തിനു വേണ്ടപ്പെട്ട ആരോ ഒരാൾ ഈ കേസ്സിൽ അദ്ദേഹത്തെ സമ്മർദ്ദത്തിലാക്കുന്നുണ്ട് എന്നത് സത്യം. അതുകൊണ്ടാണ് ഒരു എഡിജിപി നാദിർഷാക്കു നേരത്തെ ക്ലാസ് കൊടുത്തത്. ചോദ്യം ചെയ്യലിനിടയിൽ തിരുവനന്തപുരത്തുനിന്ന് വിളി വന്നത്. എന്തിന് ആദ്യദിവസം തന്നെ ഗൂഡാലോചന ചിലരുടെ ഭാവനയാണെന്ന് മുൻകൂറായി പ്രഖ്യാപിച്ചത്. ഇപ്പോൾ നടക്കുന്നതെല്ലാം ഒരു നാടകം മാത്രമാണ്.
വിശദമായി ചോദ്യം ചെയ്തു എന്നാൽ ഒന്നും കണ്ടെത്താനായില്ല എന്ന പതിവു പോലീസ് നാടകം. ഇതുതന്നെയാണ് ഉമ്മൻചാണ്ടിയുടെ കാലത്ത് സോളാർകേസ്സിലും നടന്നത്. ഉമ്മൻചാണ്ടിയുടെ ഗതി തന്നെയാണ് പിണറായിയേയും കാത്തിരിക്കുന്നത് എന്നത് മാത്രമാണ് ഏക ആശ്വാസമെന്നും കെ.സുരേന്ദ്രന് പറഞ്ഞു.













