നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സ്വീകരിച്ചു


നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെയുള്ള കുറ്റപത്രം കോടതി സ്വീകരിച്ചു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. സാങ്കേതിക പിഴവുകള്‍ പരിഹരിച്ച ശേഷം തിങ്കളാഴ്ചയാണ് കേരള പോലീസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.


1450 പേജുകളുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. കുറ്റപത്രത്തിന്റെ പകര്‍പ്പുകള്‍ ദിലീപടക്കം എല്ലാ പ്രതികള്‍ക്കും നല്‍‌കണമെന്ന് കോടതി പോലീസിനോട് ആവശ്യപ്പെട്ടു. കുറ്റപത്രം ചോര്‍ന്നതുമായി ബന്ധപ്പെട്ടു ദിലീപ് നലകിയ ഹര്‍ജി നാളെ കോടതി പരിശോധിക്കും. കേസില്‍ ദിലീപ് ഉള്‍പ്പടെ 14 പ്രതികള്‍ ഉണ്ടെന്നാണ് പോലീസ് കുറ്റപത്രത്തില്‍ പറയുന്നത്. ദിലീപ് കേസില്‍ എട്ടാം പ്രതിയാണ്.


ദിലീപിന്റെ മുന്‍ ഭാര്യയായ മഞ്ജുവാര്യരാണ് പ്രധാന സാക്ഷി. മൂന്നൂറോളം സാക്ഷി മൊഴികളാണ് അന്വേഷണ സംഘം കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 50 ഓളം പേര്‍ സിനിമ മേഖലയില്‍ നിന്നാണ്. 33 രഹസ്യമൊഴികളും അന്വേഷണ സംഘം കുറ്റപത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്.

ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് തന്റെ ആദ്യ ദാമ്പത്യം തകര്‍ത്തതിന്റെ പേരില്‍ കടുത്ത പകയുണ്ടായിരുന്നുവെന്നും ഇതിന്റെ ബാക്കിപത്രമായാണ് ക്വട്ടേഷന്‍ നല്‍കിയതെന്നുമാണ് പോലീസ് കണ്ടെത്തല്‍. മഞ്ജുവാര്യരുമായുള്ള കുടുംബ ജീവിതം തകര്‍ത്തത് ആക്രമിക്കപ്പെട്ട നടിയാണെന്ന് ദിലീപ് ഉറച്ചു വിശ്വസിച്ചിരുന്നു. സിനിമകളില്‍ നിന്നും ആക്രമിക്കപ്പെട്ട നടിയെ ഒഴിവാക്കാന്‍ ദിലീപ് ശ്രമം നടത്തിയിരുന്നുവെന്നും പോലീസ് പറയുന്നു.



Sharing is Caring