നഞ്ചിയമ്മയ്ക്ക് എതിരെയുള്ള വിമർശനം : പ്രതികരണവുമായി ​ഗായിക സിത്താര കൃഷ്ണകുമാര്‍

ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് നഞ്ചിയമ്മയ്ക്ക് എതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി ​ഗായിക സിത്താര കൃഷ്ണകുമാര്‍.

ഈ വിഷയത്തില്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്നും, ഒരു അവാര്‍ഡ് പ്രഖ്യാപിക്കുമ്ബോള്‍ അതിന്റെ പേരില്‍ ലഹള നടത്തുകയല്ല വേണ്ടത്, പകരം പുരസ്‌കാര ജേതാക്കളെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നും സിത്താര പറഞ്ഞു.

നഞ്ചിയമ്മയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചതില്‍ വ്യക്തിപരമായി ഏറെ സന്തോഷിക്കുന്നുവെന്നും നഞ്ചിയമ്മയ്ക്ക് ഈഅവാര്‍ഡ് ലഭിക്കുന്നതിലൂടെ നഷ്ടമാകുന്ന ഗാനശാഖകള്‍ വീണ്ടെടുക്കാനുള്ള വഴി തുറക്കുമെന്നും സിത്താര കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു സിത്താരയുടെ പ്രതികരണം.

‘നഞ്ചിയമ്മയുടെ അവാര്‍ഡിനെ കുറിച്ച്‌ എല്ലാവരും ഒരുപാട് ചര്‍ച്ച ചെയ്തിട്ടുള്ള കാര്യമാണ്. നഞ്ചിയമ്മ വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും ഏതോ സ്ഥലത്തിരിക്കുന്നു. അവര്‍ ഈ ഫേസ്ബുക്കിലും മറ്റും നടക്കുന്ന ചര്‍ച്ചകളെ കുറിച്ചൊന്നും അറിയുന്നില്ല. അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകാം. അവ രേഖപ്പെടുത്താനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ട്. അക്കാര്യത്തില്‍ തെറ്റും ശരിയും ഇല്ല. ഒരാള്‍ ശരിയെന്നും മറ്റൊരാള്‍ തെറ്റെന്നും പറഞ്ഞ് നടക്കുന്ന ഫൈറ്റില്‍ പലപ്പോഴും നമ്മള്‍ ഉപയോ​ഗിക്കുന്ന വാക്കുകള്‍ ഭയങ്കരമായി മോശം ആകുന്നു. അതിലൊന്നും ഒരുകാര്യവും ഇല്ല.

സം​ഗീതത്തിനെ കുറിച്ചിട്ടല്ലേ സംസാരിക്കുന്നത്. സിനിമകളിലെ പാട്ടുകള്‍ അതിന്റെ സന്ദര്‍ഭത്തിനനുസരിച്ച്‌ ചെയ്യുന്നതാണ്. ആ ഒരു പ്രാധാന്യത്തില്‍ അതിനെ കാണുകയാണെങ്കില്‍ ഇവയെ നമ്മള്‍ ലൈറ്റ് ആയി കാണുമെന്ന് എനിക്ക് തോന്നുന്നു. ഒരു അവാര്‍ഡ് പ്രഖ്യാപിക്കുമ്ബോള്‍ മൂന്ന് നാല് ദിവസത്തേക്ക് അതിനെ പറ്റിയുള്ള ലഹളകള്‍ വയ്ക്കുക. അത് അനൗണ്‍സ് ചെയ്തു കഴിഞ്ഞു. അവാര്‍ഡ് കിട്ടുന്നവരെ മനനസ്സറിഞ്ഞ് അഭിനന്ദിക്കുക. അവിടെ തീരാവുന്നതെ ഉള്ളൂ എല്ലാം.

നമുക്ക് എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്ത അത്രയും തരം സംഗീത ശാഖകള്‍ ഉണ്ട്. നമുക്ക് കൂടുതല്‍ പരിചിതം ആയത് സിനിമ ആയത് കൊണ്ട് തന്നെ ആ സംഗീതത്തെക്കുറിച്ച്‌ ഏറെ ചര്‍ച്ചകള്‍ ഉണ്ടാകും. ഏറെ കഷ്ടപ്പെട്ട് സംഗീതത്തിനായി ജീവിതം ഉഴിഞ്ഞു വെച്ച പലരുടെയും ലക്ഷ്യമേയല്ല സിനിമ. അവര്‍ക്ക് സിനിമയില്‍ പാടണം എന്നും ആഗ്രഹമില്ല. റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുന്നവരോട് നല്ലൊരു പിന്നണി ഗായകരാകട്ടെ എന്ന് പറയുന്നതില്‍ പോലും അര്‍ത്ഥമില്ല. സംഗീതത്തില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാന്‍ കഴിയട്ടെ എന്നേയുള്ളു. അല്ലാതെ ഒരു സംഗീതജ്ഞന്റെയും ലക്ഷ്യമല്ല പിന്നണി ഗായകനാവുക എന്നത്.

എല്ലാവര്‍ക്കും സംഗീതത്തില്‍ അവരവരുടേതായ വഴികളുണ്ട്. ഇപ്പോള്‍ ശാസ്ത്രീയ സംഗീതം, ഫോക്ക് സംഗീതം, സെമി ക്ലാസിക്കല്‍, കഥകളി സംഗീതം എന്നിങ്ങനെ പോകുന്നു. നമുക്ക് നഷ്ടമാകുന്ന ചില സംഗീത ശാഖകള്‍ ഉണ്ട്. അവയെ തിരിച്ചുപിടിക്കാനും അതില്‍ ജീവിതം അര്‍പ്പിച്ചവര്‍ക്ക് നല്ല ജീവിത മാര്‍ഗ്ഗം ലഭിക്കാനും പരിഗണ നല്‍കാനും ശ്രമിക്കുക. ഇപ്പോള്‍ ദേശീയ പുരസ്കാരത്തിലേക്ക് വന്നാല്‍ ആറ് വരി പാടിയവര്‍ക്ക് പോലും ദേശീയ പുരസ്‌കാരം ലഭിച്ച ചരിത്രമുണ്ട്. ചില വ്യക്തികള്‍ ആണല്ലോ അത് തീരുമാനിക്കുന്നത്. അതിനെ അത്ര പ്രാധാന്യത്തില്‍ മാത്രം കാണുക. അതിനെ വ്യക്തിപരമായി കാണാതെയിരുന്നാല്‍ അത്രയും നല്ലത്. നമുക്ക് നല്ല പാട്ടുകളുണ്ടാക്കാം. അത് കേള്‍ക്കാം. ഇഷ്ടപ്പെട്ടത് ഇഷ്ടപ്പെട്ടു എന്ന് പറയാം. ഇഷ്ടപ്പെടാത്തത് മാറ്റി വെക്കാം. അത്രയേയുള്ളു. അല്ലാതെ ഇഷ്ടപ്പെട്ടില്ല എന്നത് കൊണ്ട് അത് മോശമാണ് എന്ന് പറയാന്‍ സാധിക്കില്ലല്ലോ’, സിത്താര പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *