ധോണിയുടെ വാക്കുകള്‍ ഏറ്റു; കൊല്‍ക്കത്തയെ കറക്കിയ ദീപക് ചാഹറിന് റെക്കോര്‍ഡ് നേട്ടം

ജയത്തോടെ ചെന്നൈയ്ക്ക് ആറ് മത്സരങ്ങളില്‍ 10 പോയിന്റായി.
ധോണിയുടെ വാക്കുകള്‍ ഏറ്റു, കൊല്‍ക്കത്ത നൈറ്റ് റൈഡേഴസിനെതിരെ മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്ത ദീപക് ചാഹറിന് റെക്കോര്‍ഡ്. മത്സരത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ചാഹര്‍ ഐപിഎല്ലില്‍ ഒരു ഇന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ ഡോട്ട് ബോളുകളെറിയുന്ന ബൗളറെന്ന റെക്കോര്‍ഡും സ്വന്തമാക്കി. നാലോവറില്‍ 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ചാഹര്‍ 20 ഡോട്ട് ബോളുകളാണ് എറിഞ്ഞത്. ചാഹറിന്റെ നാലു പന്തില്‍ മാത്രമാണ് കൊല്‍ക്കത്ത ബാറ്റ്‌സ്‌നമാന്‍മാര്‍ക്ക് സ്‌കോര്‍ ചെയ്യാനായാത്. നാലോവറില്‍ 19 ഡോട്ട് ബോളുകളെറിഞ്ഞ് ഒരു വിക്കെറ്റെടുത്ത ആശിഷ് നെഹ്‌റയുടെയും മുനാഫ് പട്ടേലിന്റെയും റെക്കോര്‍ഡാണ് ചാഹര്‍ പഴങ്കഥയാക്കിയത്.
ആദ്യ ഓവറില്‍ ഓവര്‍ ത്രോയിലൂടെ ബൗണ്ടറി അടക്കം ആറ് റണ്‍സ് വഴങ്ങിയ ചാഹര്‍ തന്റെ രണ്ടാം ഓവറില്‍ ഒരു റണ്‍ മാത്രമാണ് വിട്ടുകൊടുത്തത്. മൂന്നാം ഓവറില്‍ ഉത്തപ്പ രണ്ട് ബൗണ്ടറിയടിച്ചെങ്കിലും ഉത്തപ്പയെ പുറത്താക്കി താരം തിരിച്ചു വന്നു. ആന്ദ്രെ റസല്‍ ക്രീസില്‍ നില്‍ക്കെ പത്തൊമ്ബതാം ഓവര്‍ എറിഞ്ഞ ചാഹര്‍ ഒരു സിക്‌സ് മാത്രമാണ് വഴങ്ങിയത്. അവസാന ബാറ്റ്‌സ്മാനായിരുന്നു നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡില്‍ എന്നതിനാല്‍ ആദ്യ നാലു പന്തിലും റസല്‍ സിംഗിളെടുത്തിരുന്നില്ല. ഇതും ചാഹറിന്റെ റെക്കോര്‍ഡ് നേട്ടത്തിന് കാരണമായി.
മത്സരത്തില്‍ നൈറ്റ് റൈഡേഴ്സ് നിശ്ചിത ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെടുത്തപ്പോള്‍. ചെന്നൈ 17.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 45 പന്തില്‍ 43 റണ്‍സെടുത്ത ഫാഫ് ഡു പ്ലെസിസാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. ജയത്തോടെ ചെന്നൈയ്ക്ക് ആറ് മത്സരങ്ങളില്‍ 10 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള നൈറ്റ് റൈഡേഴ്സിന് ഇത്രയും മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റാണുള്ളത്.
നേരത്തെ പഞ്ചാബിനെതിരായ മത്സരത്തിന്റെ 19ാം ഓവറില്‍ ദീപക് ചാഹര്‍ തുടര്‍ച്ചയായി രണ്ടു നോ ബോള്‍ എറിഞ്ഞപ്പോള്‍ ധോണി ക്ഷുഭിതനായിരുന്നു. തനിക്കുനേരെ ക്ഷുഭിതനായി നടന്നടുത്ത ധോണിയെക്കണ്ട ചാഹര്‍ അറിയാതെ, 2 ചുവടു പിന്നോട്ടു വച്ചു. എന്നാല്‍ പെട്ടെന്നു തണുത്ത ധോണി ചാഹറിനെ കാര്യമായി ഉപദേശിക്കുകയും ചെയ്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *