ദോക് ലായില്‍നിന്നു സൈന്യത്തെ മുഴുവന്‍ ഇന്ത്യ പിന്‍വലിക്കണമെന്ന് ചൈന. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സീനിയര്‍ കേണല്‍ ലി ലിയുടേതാണു മുന്നറിയിപ്പ്. ഇന്ത്യന്‍ സൈനികര്‍ ചൈനയുടെ അതിര്‍ത്തിയില്‍ ആക്രമിച്ചു കയറുകയാണുണ്ടായതെന്നും ലി ആരോപിച്ചു. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു ചൈന ഒരുക്കിയ സന്ദര്‍ശന പരിപാടിയിലാണു ലിയുടെ പ്രതികരണം.
സിക്കിം അതിര്‍ത്തിയിലെ തര്‍ക്കം ഒന്നരമാസം പിന്നിട്ടിട്ടും പരിഹരിക്കാന്‍ കഴിയാതിരിക്കുമ്ബോഴാണു ചൈന നിലപാട് കര്‍ശനമാക്കിയിരിക്കുന്നത്.
‘ഇന്ത്യന്‍ സൈനികര്‍ ചൈനീസ് അതിര്‍ത്തിയില്‍ ആക്രമിച്ചു കയറുകയാണുണ്ടായത്. ചൈനയുടെ സൈന്യം എന്താണു ചിന്തിക്കുന്നതെന്നു നിങ്ങള്‍ക്കു റിപ്പോര്‍ട്ട് ചെയ്യാം. ഞാന്‍ ഒരു പട്ടാളക്കാരനാണ്. അതിര്‍ത്തി സംരക്ഷിക്കാന്‍ പരമാവധി ശ്രമിക്കും. അതിനുള്ള ചങ്കൂറ്റം ഞങ്ങള്‍ക്കുണ്ട്’ ലി പറഞ്ഞു.
ബെയ്ജിങ്ങിനടുത്തുള്ള ഹുവായിരൗ സൈനിക താവളത്തിലാണ് സന്ദര്‍ശന പരിപാടി ഒരുക്കിയിരുന്നത്. ഏറ്റവും പഴക്കമേറിയ സൈനിക താവളമായ ഇവിടെ 11,000 സൈനികരാണുള്ളത്. ഇന്ത്യന്‍ . മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്‍പില്‍ സൈനികര്‍ അഭ്യാസപ്രകടനങ്ങളും നടത്തി. അതിര്‍ത്തി ലംഘിച്ച ഇന്ത്യ മുഴുവന്‍ സൈനികരെയും പിന്‍വലിക്കാതെ തര്‍ക്കം പരിഹരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് ചൈനയുടേത്.














