ദേശീയ സ്‌കൂള്‍ ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം


ദേശീയ സ്‌കൂള്‍ ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് വഡോദരയില്‍ തുടക്കം. ഇന്ന് 10 ഫൈനലുകള്‍ നടക്കും. മീറ്റിലെ വേഗതയേറിയ താരങ്ങളെയും ഇന്ന് നിര്‍ണ്ണയിക്കും.
പ്രായപരിധിയുടെ അടിസ്ഥാനത്തില്‍ മൂന്നായി തിരിച്ച സ്‌കൂള്‍ മീറ്റിലെ സീനിയര്‍, സബ്ജൂനിയര്‍ മത്സരങ്ങള്‍ കഴിഞ്ഞ മാസം പൂനെയിലെ ബാലെവാഡി സ്‌റ്റേഡിയത്തില്‍ നടന്നിരുന്നു. സീനിയര്‍ വിഭാഗത്തില്‍ കേരളം ചാമ്പ്യന്മാരായപ്പോള്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ ആറാമതായി.
സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വിദ്യാഭാരതി, സിബിഎസ്ഇ, ഐപിഎസ്ഇ ഉള്‍പ്പടെ 42 ടീമുകളാണ് വഡോദരയിലെ മഞ്ചല്‍പൂര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലെ അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മീറ്റില്‍ പങ്കെടുക്കുന്നത്.


53 അംഗ സംഘമായിരുന്നു കേരളത്തിനായി ജൂനിയര്‍ മീറ്റില്‍ മത്സരിക്കേണ്ടിയിരുന്നത്. എന്നാല്‍ നാലുപേര്‍ എസ്എസ്എല്‍സി പരീക്ഷയ്ക്ക് തയ്യാറെടുക്കാനായി പിന്മാറിയതോടെ അംഗങ്ങളുടെ എണ്ണം 49 ആയി. ഉഷ സ്‌കൂളിലെ അതുല്യ ഉദയനും ടി. സൂര്യമോള്‍ക്കും പിന്നാലെ നാട്ടിക ഫിഷറീസ് സ്‌കൂളിലെ വി.ഡി അഞ്ജലിയും കുളത്തുവയല്‍ സ്‌കൂളിലെ വിഗ്നേഷ് നമ്പ്യാരും ടീമില്‍ നിന്നും പിന്‍മാറി.


എങ്കിലും കേരളം തികഞ്ഞ പ്രതീക്ഷയിലാണ്. കഴിഞ്ഞ വര്‍ഷം കോഴിക്കോട്ടു നടന്ന മീറ്റില്‍ 120 പോയിന്റുമായി നേടിയ കിരീടം നിലനിര്‍ത്താമെന്ന ഉറച്ച പ്രതീക്ഷയിലാണ് താരങ്ങളും ഒഫീഷ്യലുകളും. കേരളത്തിന് വേണ്ടി പെണ്‍കുട്ടികള്‍ 85 പോയിന്റും ആണ്‍കുട്ടികള്‍ 35 പോയിന്റും നേടിയിരുന്നു. മൂന്നായി വിഭജിച്ച ശേഷം നടക്കുന്ന ജൂനിയര്‍ മീറ്റിലും കേരളം കിരീട പ്രതീക്ഷയില്‍ തന്നെയാണ്. ഇതിനിടെ കായിക മേളയും പരീക്ഷയും ഒരു പോലെ വന്നത് കായിക താരങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

തമിഴ്‌നാട്, മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങൡ നിന്നുള്ള താരങ്ങളാണ് കേരളത്തിന് ട്രാക്കിലും ഫീല്‍ഡിലും പ്രധാനമായും വെല്ലുവിളി ഉയര്‍ത്തുക. ഒപ്പം കനത്ത ചൂടും കേരളത്തിന് വെല്ലുവിളിയായേക്കും. 36 ഡിഗ്രിയാണ് വഡോദരയിലെ താപനില.

ഇത്തവണ മികച്ച സൗകര്യമാണ് കേരള താരങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളത്. ആദ്യം സ്റ്റേഡിയത്തിന് സമീപത്തുള്ള സ്‌കൂളിലാണ് കേരള ടീമിന് താമസൗകര്യം നല്‍കിയിരുന്നതെങ്കിലും മലയാളിയായ മീറ്റ് മാനേജര്‍ കെ.എസ്. അജിമോന്‍ ഇടപെട്ട് വിശാലമായ സമ ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് കോംപ്‌ളക്‌സിലേക്ക് മാറ്റിയത് അനുഗ്രഹമായി. എയര്‍ കണ്ടീഷന്‍ഡ് മുറികളിലാണ് കുട്ടികള്‍ താമസിക്കുന്നത്. എന്നാല്‍ മത്സരം നടക്കുന്ന വേദിയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയാണ് താമസം.



Sharing is Caring