ദേശീയ വോളിയില്‍ ടോം ജോസഫിന് അവഗണന; ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണമില്ല

കോഴിക്കോട്: സംസ്ഥാന വോളിബോള്‍ ചാമ്ബ്യന്‍ഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് അര്‍ജ്ജുന അവാര്‍ഡ് ജേതാവും മുന്‍ ‍ദേശീയ ടീം ക്യാപ്റ്റനുമായ ടോം ജോസഫിന് ക്ഷണമില്ലെന്ന് പരാതി. ഇതുസംബന്ധിച്ച്‌ വോളി അസോസിയേഷനില്‍ നിന്ന് ഇതുവരെ യാതൊരു അറിയിപ്പും ലഭിച്ചില്ലെന്ന് ടോം ജോസഫ് വ്യക്തമാക്കി. ചാമ്ബ്യന്‍ഷിപ്പിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് വൈകീട്ട് സ്വപ്ന നഗരിയിലെ ട്രേഡ് സെന്റര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് നടക്കുക. ഒന്നരപതിറ്റാണ്ടിന് ശേഷം കോഴിക്കോട് ആതിഥേയത്വം വഹിക്കുന്ന ദേശീയ ചാമ്ബ്യന്‍ഷിപ്പിലേക്ക് നാട്ടുകാരന്‍കൂടിയായ ടോമിനെ അവഗണിച്ചത് വ്യാപക പ്രതിഷേധത്തിനാണ് ഇടയാക്കിയത്.

കഴിഞ്ഞ ദിവസം ഇന്‍ഡോര്‍സ്റ്റേഡിയത്തില്‍ വോളി ചാമ്ബ്യന്‍ഷിപ്പിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച മാധ്യമ പ്രവര്‍ത്തകരുടെ പ്രദര്‍ശനവോളിയില്‍ കോഴിക്കോട് പ്രസ്ക്ലബ് ടീമിനായി ടോം ജോസഫും കണ്ണൂര്‍ ടീമിനായി കിശോര്‍കുമാറും കളത്തിലിറങ്ങിയരുന്നു. എന്നാല്‍ സ്റ്റേഡിയത്തിലുണ്ടായിരുന്ന സംഘാടകരിലാരും ടോമിനോട് സംസാരിക്കാന്‍പോലും കൂട്ടാക്കിയിരുന്നില്ല.

അതേസമയം വോളിബോള്‍ ചാമ്ബ്യന്‍ഷിപ്പിന്റെ ഭാഗമായി മുന്‍ ദേശീയ താരങ്ങളെ ആദരിക്കല്‍ ചടങ്ങിലേക്ക് കഴിഞ്ഞദിവസം മാത്രമാണ് മുന്‍ രാജ്യാന്തര താരത്തെ ക്ഷണിച്ചത്. പരിപാടിയുടെ ഷെഡ്യൂള്‍ വളരെ മുന്‍പെ തയാറാക്കിയെങ്കിലും രണ്ട് ദിവസം മുന്‍പ് മാത്രമാണ് ടോമിന് ക്ഷണം ലഭിച്ചത്. അര്‍ജ്ജുന അവാര്‍ഡുമായി ബന്ധപ്പെട്ട് നേരത്തെ സംസ്ഥാന വോളിബോള്‍ അസോസിയേഷനും ടോം ജോസഫും തമ്മില്‍തര്‍ക്കം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍‍ച്ചയായാണ് ഇത്തരമൊരു നടപടിയെന്ന് ആരോപണമുണ്ട്.

അസോസിയേഷനില്‍ നിന്ന് അവഗണനയാണെങ്കിലും കളികാണാനെത്തുമെന്ന് ടോം ജോസഫ് പറഞ്ഞു. നീണ്ട 16വര്‍ഷത്തിന് ശേഷം സ്വന്തം നാട്ടില്‍ നടക്കുന്ന വോളി ഉത്സവത്തില്‍ ആവേശത്തില്‍ പങ്കുചേരാന്‍ ‍ സെമി, ഫൈനല്‍ മത്സരങ്ങളിലേക്കായിരിക്കും താരമെത്തുക. 1997ല്‍ ഇന്ത്യന്‍ ജൂനിയര്‍ ടീമില്‍ എത്തിയ ടോം ജോസഫ് രണ്ട് ഏഷന്‍ ഗെയിംസ്, നാല് ഏഷ്യന്‍ ചാമ്ബ്യന്‍ഷിപ്പ്, 2009ലെ ടെഹ്റാനില്‍ നടന്ന ലോക ചാമ്ബ്യന്‍ഷിപ്പിനുള്ള യോഗ്യതാ മത്സരങ്ങളടക്കം ദേശീയ അന്തര്‍ദേശീയ വേദികളില്‍ ഈ കോഴിക്കോട്ടുകാരന്‍ വിസ്മയപ്രകടനം നടത്തിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *