ശുഹൈബ് വധം: പ്രതികളെല്ലാം സിപിഐഎം പ്രവര്‍ത്തകരെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്


കണ്ണൂര്‍: എടയന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ശുഹൈബ് വധക്കേസിലെ പ്രതികളെല്ലാം സിപിഐഎം പ്രവര്‍ത്തകരെന്ന് പൊലീസ് ഉറപ്പിച്ച്‌ പറയുന്നു. കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരി, റിജില്‍ രാജ് എന്നിവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇവര്‍ കീഴടങ്ങിയതല്ല, പിടികൂടിയതാണെന്നും പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.


കൊലപാതകത്തില്‍ പങ്കില്ലെന്ന് സിപിഐഎം ആവര്‍ത്തിക്കുന്നതിനിടയിലാണ് പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന വിധത്തിലുള്ള റിമാന്‍ഡ് റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. എടയന്നൂര്‍ സ്കൂളിലെ വിദ്യാര്‍ത്ഥി തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായത്. സ്കൂളില്‍ കെഎസ്യു-എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ശുഹൈബ് ഇടപെട്ടു. ഇതാണ് വൈരാഗ്യത്തിന് കാരണമായത്. പ്രതികളുടെ ജീവന് ഭീഷണി ഉണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


ആകാശ് തില്ലങ്കേരി, റിജില്‍ രാജ് എന്നിവരെ മാലൂര്‍ സബ് സ്റ്റേഷന്‍ പരിസരത്തു നിന്നാണ് പിടികൂടിയത്. കൊലപാതകത്തിന് മറ്റ് പ്രതികളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന് ഇവര്‍ സമ്മതിച്ചിട്ടുണ്ട്. ചായക്കടയില്‍ ഇരിക്കുകയായിരുന്നു ശുഹൈബിനെയും മൂന്ന് സുഹൃത്തുക്കളെയും ഒന്നമുതല്‍ നാല് വരെയുള്ള സിപിഐഎം പ്രതികള്‍ വാള്, ബോംബ് എന്നിവയുമായി വന്ന് തടഞ്ഞ് വെക്കുകയും ബോംബ് എറിഞ്ഞ ശേഷം വാളുകൊണ്ട് ശുഹൈബിനെ വെട്ടിക്കൊല്ലുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഒരു ലക്ഷത്തോളം ഫോണ്‍ കോളുകള്‍ പരിശോധിച്ചതിന്റെയും മറ്റ് ശാസ്ത്രീയ അന്വേഷണത്തിന്റെയും പശ്ചാത്തലത്തില്‍ നടത്തിയ തെരച്ചിലിലാണ് മാലൂര്‍ സബ് സ്റ്റേഷന് സമീപമുള്ള കോടതി റോഡില്‍ നിന്ന് ആകാശ്, റിജില്‍ എന്നിവരെ കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്യലില്‍ മറ്റ് പ്രതികള്‍ക്കും പങ്കുള്ളതായി സമ്മതിച്ചിട്ടുണ്ട്.ആകാശിന്റെ രക്തസാംപിള്‍, നഖം, ചെരുപ്പ്, കൈയിലെ കറുത്ത ചരട്, വെള്ളിമോതിരം എന്നിവ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.



Sharing is Caring