ദേശീയ ജൂനിയര്‍ മീറ്റ് ഇന്നു മുതല്‍

കോയമ്പത്തൂര്‍: 32-ാമത് ദേശീയ ജൂനിയര്‍ മീറ്റിന് ഇന്ന് കോയമ്പത്തൂരില്‍ തുടക്കം. ഗോപാലപുരത്തെ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. 3000ത്തിലേറെ താരങ്ങള്‍ അഞ്ച് ദിവസത്തെ മീറ്റില്‍ മാറ്റുരയ്ക്കും. പാലക്കാട്ട് പരിശീലനത്തിനു ശേഷം മൂന്ന് കെഎസ്ആര്‍ടിസി ബസുകളിലായാണ് കേരളമെത്തിയത്. പാലക്കാട്ടെ കാലാവസ്ഥയുമായി സാമ്യമുള്ളതാണ് കോയമ്പത്തൂരിലേതും. അതുകൊണ്ടുതന്നെ തുടര്‍ച്ചയായ അഞ്ചാം കിരീടം സ്വപ്‌നം കാണുന്നു.

മീറ്റിന്റെ ചരിത്രത്തില്‍ 22-ാം ചാമ്പ്യന്‍പട്ടം മോഹിക്കുന്ന കേരളം ഏറ്റവും വലിയ സംഘവുമായാണ് എത്തുന്നത്, 179 പേര്‍. 180 പേരായിരുന്നു ടീമിലുണ്ടായിരുന്നതെങ്കിലും ഉഷ സ്‌കൂളിന്റെ ഷഹര്‍ബാന സിദ്ദീഖ് പിന്മാറിയതോടെ ഒരാള്‍ കുറഞ്ഞു. 93 ആണ്‍കുട്ടികളും 86 പെണ്‍കുട്ടികളും സംഘത്തിലുണ്ട്. കഴിഞ്ഞ തവണ റാഞ്ചിയില്‍ നേടിയതിനേക്കാള്‍ മികച്ച പ്രകടനമാണ് ഇത്തവണ ലക്ഷ്യമിടുന്നത്. 403 പോയിന്റുമായി ഓവറോള്‍ കിരീടം നേടിയത്. 25 സ്വര്‍ണവും 19 വെള്ളിയും 16 വെങ്കലവും കൈക്കലാക്കി. പെണ്‍കുട്ടികളുടെ കരുത്തിലായിരുന്നു നേട്ടം. പെണ്‍കുട്ടികളുടെ അണ്ടര്‍ 16, അണ്ടര്‍ 18, അണ്ടര്‍ 20 വിഭാഗങ്ങളില്‍ കേരളം ഒന്നാമതായി.
ഇത്തവണയും അതു തുടരുമെന്ന് പ്രതീക്ഷ. അതേസമയം, കഴിഞ്ഞ വര്‍ഷം ആണ്‍കുട്ടികളുടെ ഒരു വിഭാഗത്തിലും കേരളത്തിന് ഒന്നാമതെത്താനായില്ല. ഇത്തവണ അതിന് ഒരു മാറ്റമുണ്ടാവുമെന്ന് ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *