ദേശീയപാത: സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉറപ്പുനല്‍കിയത് തരാന്‍ കഴിയില്ല; നഷ്ടപരിഹാരം വെട്ടിക്കുറച്ച് പിണറായി സര്‍ക്കാരിന്റെ ഉത്തരവ്‌

നാലുവരി ദേശീയ പാതയ്ക്കായി ഭൂമി വിട്ടുനല്‍കിയവര്‍ക്കുള്ള നഷ്ടപരിഹായ തുക വെട്ടിക്കുറച്ച് സംസ്ഥാന സര്‍ക്കാര്‍. 2014ല്‍ കണക്കാക്കിയിരുന്ന ഭൂവിലയുടെ ഇരട്ടി ഉടമകള്‍ക്ക് നല്‍കാമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്ന വാഗ്ദാനം. 2016ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് ഈ ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍ തുക വെട്ടിക്കുറച്ച് കൊണ്ട് പൊതുമരാമത്ത് വകുപ്പ് ആഗസ്റ്റ് ഒമ്പതിന് പുതിയ ഉത്തരവ് പുറത്തിറക്കി.
ഈ ഉത്തരവ് പ്രകാരം ദേശീയപാതയ്ക്കായി ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് മുന്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഇരട്ടി വല ലഭിക്കില്ലെന്ന് മാധ്യമം ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. വിലയെക്കുറിച്ചുള്ള തര്‍ക്കം തുടരുന്നതിനാല്‍ സ്ഥലമെടുപ്പ് അനിശ്ചിതമായി തുടരുന്നതിനിടെയാണ് പുതിയ ഉത്തരവ്.

കണ്ണൂര്‍ ജില്ലയില്‍ ദേശീയപാതയ്ക്കായി സ്ഥലമെടുക്കുന്ന മുഴപ്പിലങ്ങാട്, എടക്കാട്, കടമ്പൂര്‍, ചെമ്പിലോട് പഞ്ചായത്തുകളില്‍ സെന്റിന് 1.05 ലക്ഷം രൂപയാണ് 2014ല്‍ നിശ്ചയിച്ചിരുന്നത്. പ്രദേശത്ത് അക്കാലത്ത് നടന്ന ഭൂമി ഇടപാട് രേഖകളില്‍ കാണിച്ചിട്ടുള്ള ഉയര്‍ന്ന് അഞ്ച് തുകയുടെ ശരാശരി കണക്കാക്കിയണ് വില നിശ്ചയിച്ചത്. മള്‍ട്ടിപ്പള്‍ ഫാക്ടര്‍ രീതി പ്രകാരം ഈ തുകയുടെ ഇരട്ടി നല്‍കാമെന്നായിരുന്നു 2016ല്‍ ഉമ്മന്‍ ചാണ്ടി പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവ്. അതനുസരിച്ച് സ്ഥലമുടമകള്‍ക്ക് സെന്റിന് 2.10 ലക്ഷം രൂപ വീതം ലഭിക്കുമായിരുന്നു.

എന്നാല്‍ മള്‍ട്ടിപ്പള്‍ ഫാക്ടര്‍ രീതി പ്രകാരം സ്ഥല വില നിശ്ചയിക്കുമ്പോള്‍ എല്ലാവര്‍ക്കും ഒരേ വില നല്‍കാനാവില്ലെന്ന് പുതിയ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. മുന്‍സിപ്പല്‍ അതിര്‍ത്തിയില്‍ നിന്നും 10 കിമീ പരിധിയിലുള്ളവര്‍ക്ക് 20 ശതമാനം അധിക വില മാത്രമേ ലഭിക്കൂ. 20 കിമീ പരിധിയിലുള്ളവര്‍ക്ക് 40 ശതമാനവും 30 കിമീ പരിധിയിലുള്ളവര്‍ക്ക് 60 ശതമാനവും അധിക വില ലഭിക്കും. കണ്ണൂരില്‍ ദേശീയപാതയ്ക്കായി ഏറ്റെടുക്കുന്ന സ്ഥലങ്ങള്‍ മുന്‍സിപ്പല്‍ അതിര്‍ത്തിയില്‍ നിന്നും 10 കിമീ പരിധിയിലുള്ളവയാണ്. അതിനാല്‍ 20 ശതമാനം മാത്രമേ അധിക വില സ്ഥലമുടമകള്‍ക്ക് ലഭിക്കൂ. 2.10 ലക്ഷം രൂപ ലഭിക്കുമെന്ന് പ്രതീക്ഷച്ചവര്‍ക്ക് സെന്റിന് 1.26 ലക്ഷം രൂപ മാത്രമേ ലഭിക്കൂ. സ്ഥലമെടുപ്പിനുള്ള നഷ്ടപരിഹാരം സംബന്ധിച്ച പൊതുമരാമത്ത് വകുപ്പിന്റെ സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ ചൂണ്ടിക്കാട്ടിയാണ് ഇരട്ടിവില നല്‍കാനാവില്ലെന്ന നിലപാട് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *