ദുരിതമനുഭവിക്കുന്നവര്‍ക്കെല്ലാം ആനുകൂല്യം ഉറപ്പാക്കി വിഴിഞ്ഞം പാക്കേജ് നടപ്പാക്കും: മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ

പദ്ധതിപ്രദേശത്തെ ദുരിതമനുഭവിക്കുന്ന മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ഗുണകരമായ രീതിയില്‍ വിഴിഞ്ഞം പാക്കേജ് നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാര്‍ത്ഥ്യമാകുമ്പോള്‍ നിലവിലുള്ള മത്സ്യബന്ധന തുറമുഖത്തിന്റെ നിലനില്‍പിന് ഭീഷണിയുണ്ടാവില്ല എന്നുറപ്പു വരുത്തും. മത്സ്യബന്ധന തുറമുഖത്തിന്റെ പ്രവര്‍ത്തനത്തെ കുറേക്കൂടി ശക്തിപ്പെടുത്താനാവുമെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം പാക്കേജ് നടപ്പിലാക്കുന്നതു സംബന്ധിച്ച് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവിലുള്ള ഫിഷറീസ് ഹാര്‍ബറിന് സ്വതന്ത്രമായ പ്രവേശന കവാടം വേണമെന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയെ അറിയിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉറച്ച നിലപാടാണ് സ്വീകരിക്കുന്നത്. പുനരധിവാസത്തിനായുള്ള സ്ഥലമെടുപ്പു നടപടികള്‍ ലഘൂകരിക്കാന്‍ കളക്ടറെ ചുമതലപ്പെടുത്തും.
പാക്കേജ് പരാതികളില്ലാതെ നടപ്പിലാക്കാന്‍ പതിനേഴംഗ വകുപ്പുതല പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റിനെ നിയോഗിക്കും. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുമ്പോള്‍ കടല്‍ത്തീരത്തിന് 50 മീറ്റര്‍ പരിധിക്കുള്ളില്‍ ഒന്നും രണ്ടും നിരകളില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കും. മൂവായിരത്തില്‍പരം വീടുകള്‍ ഈ ഗണത്തില്‍ കാണും.
കടല്‍ക്ഷോഭബാധിതരുടെ പുനരധിവാസ കേന്ദ്രങ്ങളില്‍ സൗകര്യങ്ങളൊരുക്കണമെന്നും അടിയന്തരമായി താത്കാലിക ശൗചാലായങ്ങള്‍ സ്ഥാപിക്കണമെന്നും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന് മന്ത്രി നിര്‍ദേശം നല്‍കി.
പദ്ധതിപ്രദേശത്ത് പുനരധിവാസത്തോടൊപ്പം തൊഴില്‍ ദാന പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി സാഫിന്റെ നേതൃത്വത്തില്‍ സ്ത്രീ ശാക്തീകരണ സര്‍വേ നടത്തിയിട്ടുണ്ട്.
തൊഴില്‍ദാന പദ്ധതി പുനരധിവാസത്തിനൊപ്പം നടപ്പാക്കും. അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാരത്തുക ഡിസംബര്‍ ഒന്നു മുതല്‍ പത്തുലക്ഷം രൂപ വരെയാക്കി ഉയര്‍ത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമെടുക്കുന്നതിന് തൊഴിലാളി യൂണിയനും ജനപ്രതിനിധികളും മത്സ്യത്തൊഴിലാളികളെ പ്രേരിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. ശശി തരൂര്‍ എം.പി., വി.എസ്. ശിവകുമാര്‍ എം.എല്‍.എ., എം.
വിന്‍സന്റ് എം.എല്‍.എ., ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *