ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ല്യനെയര്‍ നറുക്കെടുപ്പില്‍ ഭാഗ്യം മലയാളിക്കൊപ്പം; ആറര കോടി സമ്മാനം


ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ല്യനെയര്‍ നറുക്കെടുപ്പിലെ കഴിഞ്ഞ മാസത്തെ ഭാഗ്യവാനായത് മലയാളി. കളപ്പറമ്പത്ത് മുഹമ്മദ് അലി മുസ്തഫയ്ക്കാണ് ആറര കോടി രൂപ (10 ലക്ഷം യുഎസ് ഡോളര്‍) സമ്മാനമായി ലഭിച്ചത്. കോടികള്‍ സമ്മാനം ലഭിക്കുന്ന പന്ത്രണ്ടാമത്തെ ഇന്ത്യക്കാരനാണ് ഇദ്ദേഹം.


മൂന്ന് പതിറ്റാണ്ടിലേറെ യുഎഇയില്‍ സെയില്‍സ്മാനായി ജോലി ചെയ്തിരുന്ന 58കാരന്‍ ഏതാനും ദിവസം മുന്‍പാണ് പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങിയത്. അവസാനമായി വിമാനം കയറുന്നതിന് മുന്‍പ് എടുത്ത ടിക്കറ്റ് ഭാഗ്യം കൊണ്ടുവരികയായിരുന്നു. സമ്മാനം വാങ്ങിക്കാനായി ഉടന്‍ ഇദ്ദേഹം യുഎഇയില്‍ തിരിച്ചെത്തും.


ഇതിന് മുന്‍പ് രണ്ടു തവണ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഭാഗ്യം പരീക്ഷിച്ചിരുന്നു. അബുദാബിയില്‍ ജോലി ചെയ്യുന്ന രണ്ട് മക്കളടക്കം മൂന്ന് മക്കളുമായി കൂടിയാലോചിച്ച ശേഷം ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് മുഹമ്മദ് അലി മുസ്തഫ പറഞ്ഞു.



Sharing is Caring