ദിലീപിന് വേണ്ടി പി.പി. മുകുന്ദന്റെ വക മൂകാംബികയില്‍ ദോഷപരിഹാര പൂജ

നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിക്കാതെ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് വേണ്ടി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.പി. മുകുന്ദന്റെ വക ദോഷപരിഹാര പൂജ.കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലാണ് പി.പി. മുകുന്ദന്‍ ദിലീപിന് വേണ്ടി പൂജ നടത്തിയത്.
ദിലീപിനുണ്ടാകുന്ന ദോഷങ്ങള്‍ അകറ്റുന്ന പൂജയാണ് താന്‍ നടത്തിയതെന്നും ദിലീപുമായുള്ള സൗഹൃദംകൊണ്ടാണ് പൂജയെന്നും അദ്ദേഹം പറഞ്ഞു.നമുക്കുണ്ടാകുന്ന ദോഷങ്ങള്‍കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. അതിനാല്‍ ദോഷപരിഹാര പൂജയാണ് താന്‍ നടത്തിയത്. പൂജയുടെ പ്രസാദം ജയിലില്‍ ദിലീപിനെത്തിച്ചു കൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു. വീട്ടില്‍ കുടുംബത്തില്‍ ആര്‍ക്കെങ്കിലും ദോഷങ്ങള്‍ വന്നാല്‍ ചെയ്യാറില്ലെയെന്നും അദ്ദേഹം ചോദിച്ചു.
തനിക്ക് അത്രക്ക് അടുപ്പമുള്ളയാളാണ് ദിലീപെന്നും, പൂജ നടത്തിയത് ദിലീപിനുള്ള ദോഷങ്ങള്‍ അകറ്റാനാണെന്നും ദിലീപിനെ ജയില്‍ മോചിതനാക്കാനല്ലെന്നും മുകുന്ദന്‍ വ്യക്തമാക്കി.
ദിലീപിനെതിരെ പോലീസ് മൊഴികള്‍ ശേഖരിച്ച് തെളിവുകള്‍ ഉണ്ടാക്കുകയാണെന്നും ദിലീപിന്റെ സമയദോഷം കൊണ്ടാണ് ഇങ്ങനെയൊക്കെ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.ദിലീപിനെ ഇത്രയും ദിവസം ജയിലില്‍ കിടത്തേണ്ട കാര്യമില്ലെന്നും തെളിവുണ്ടെങ്കില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം കേസില്‍ ഉള്‍പ്പെടുത്താമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദിലീപിന് ജാമ്യം കൊടുക്കാതിരിക്കാനുള്ള സ്ഥിതി വിശേഷം ഇല്ലെന്നും മുകുന്ദന്‍ അഭിപ്രായപ്പെട്ടു. ദിലീപിനെതിരെ കുറ്റം ആരോപിക്കപ്പെട്ടതാണ്. മുന്‍ ഡിജിപി സെന്‍കുമാര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ആക്രമിക്കപ്പെട്ട നടി എന്നിവരാരും ദിലീപ് പ്രതിയാണെന്ന് പറഞ്ഞിട്ടില്ല. തെളിവുകള്‍ ഉണ്ടാക്കിയാണ് പോലീസ് കേസന്വേഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *