നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ അന്വേഷണം സിനിമയിലെ സാമ്പത്തിക ഇടപാടുകളിലേക്കും.കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിനിടെ കണ്ടെത്തിയ കാര്യങ്ങളെ കുറിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങി.
ദിലീപ് നിർമ്മിച്ച സിനിമകൾ,റിയൽ എസ്റ്റേറ്റ് ഇടപാടുകൾ മറ്റു കച്ചവട സംരഭങ്ങൾ എന്നിവയെ കുറിച്ചാണ് അന്വേഷണം.അന്വേഷണത്തിന്‍റെ ഭാഗമായി ദിലീപിന്‍റെ ബാങ്ക് അക്കൗണ്ടുകളും സ്വത്തുവകകളും മരവിപ്പിക്കും.മലയാള സിനിമാ നിർമ്മാണ രംഗത്തെ ബിനാമി ഇടപാടുകളിൽ ദിലീപിന് പങ്കുളളതായി കണ്ടെത്തിയിട്ടുണ്ട്.

ഗൂഢാലോചനക്കേസിന്‍റെ അന്വേഷണത്തിന് ശേഷം സാമ്പത്തിക കുറ്റങ്ങളെ കുറിച്ച് ദിലീപിനെ ചോദ്യം ചെയ്യും.രണ്ടു വർഷം മുമ്പ് ആദായ നികുതി ഇന്‍റലിജന്‍റ്സ് വിഭാഗം മലയാള സിനിമയിലെ സാമ്പത്തിക കുറ്റങ്ങളെ കുറിച്ച് കേന്ദ്ര സർക്കാരിന് വിശദമായ റിപ്പോർട്ട് നൽകിയിരുന്നു.എന്നാൽ പിന്നീട് ഈ അന്വേഷണം നിലച്ചു.ദുബായ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കള്ളപ്പണ റാക്കറ്റുമായി ദിലീപ് അടുത്ത ബന്ധം പുലർത്തിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചു.













