ദിലീപിന്റെ ജാമ്യഹര്‍ജി ഇന്നുണ്ടാകില്ല; നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധിയറിഞ്ഞശേഷം മാത്രം അടുത്ത നീക്കം

നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജി ഇന്ന് നല്‍കിയേക്കില്ല. ഈയാഴ്ച തന്നെ ജാമ്യഹര്‍ജി നല്‍കുമെങ്കിലും ഇന്ന് ഉണ്ടാകില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന നടനും സംവിധായകനുമായ നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കുകയാണ്. ഇതില്‍ പ്രോസിക്യൂഷന്‍ അവതരിപ്പിക്കുന്ന വാദമുഖങ്ങള്‍ കൂടി പരിഗണിച്ചശേഷം ദിലീപിന്റെ ജാമ്യഹര്‍ജി സമര്‍പ്പിക്കാനാണ് നീക്കം.

അനുകൂല തരംഗം സൃഷ്ടിച്ചെടുക്കാനുളള താരങ്ങളുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും നീക്കങ്ങള്‍ക്കിടെയാണ് ദിലീപ് ജാമ്യഹര്‍ജിയുമായി വീണ്ടും ഹൈക്കോടതിയിലേക്ക് പോകുന്നത്. നേരത്തെ രണ്ടുതവണ ജാമ്യഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സുനില്‍തോമസിന്റെ ബെഞ്ചായിരിക്കും ഇത്തവണയും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. അന്വേഷണത്തിന്റെ പ്രധാനഘട്ടം പൂര്‍ത്തിയായെന്നും ഇനിയും ജാമ്യം തടയരുതെന്നുമായിരിക്കും പ്രതിഭാഗം ആവശ്യപ്പെടുന്നതും.

അച്ഛന്റെ ശ്രാദ്ധത്തിനായി ദിലീപിന് ജയിലിന് പുറത്തിറങ്ങാന്‍ അനുമതി കൊടുത്തതിന് പിന്നാലെ മുന്‍നിര താരങ്ങളും സംവിധായകരും ജയിലിലെത്തിയിരുന്നു. കൂടാതെ ഗണേഷ് കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ദിലീപിന് അനുകൂല തരംഗം സൃഷ്ടിക്കാനുളള നീക്കങ്ങളും സജീവമാണ്. ഇതിന് പുറമെ ദിലീപ് നായകനായ രാമലീല തിയറ്ററുകളില്‍ എത്തിക്കാനുളള നീക്കങ്ങളും പുരോഗമിക്കുന്നുണ്ട്. ഇത്തരത്തില്‍ അനുകൂല അന്തരീക്ഷം ഉണ്ടാക്കിയെടുക്കുന്നത് പ്രോസിക്യൂഷന്‍ കോടതിയെ ധരിപ്പിക്കുമെന്നാണ് അറിയുന്നത്. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്നതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഇന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *