ദാവൂദ് ഇബ്രാഹിമിന്റെ പ്രധാന കൂട്ടാളി പിടിയില്‍


മുംബൈ: അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ പ്രധാന കൂട്ടാളി അറസ്റ്റില്‍. 1993ലെ മുംബൈ സ്ഫോടന കേസിലെ പ്രതികളിലൊരാളായ ഫറൂഖ് തക്ലയാണ് പിടിയിലായത്. ഇയാളെ ദുബായില്‍ നിന്ന് മുംബൈയിലെത്തിച്ച്‌ തീവ്രവാദ വിരുദ്ധ കോടതിയില്‍ ഹാജരാക്കി.


മുംബൈ സ്ഫോടനത്തിനു ശേഷം ഇയാള്‍ ഇന്ത്യയില്‍നിന്ന് രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് 1995ല്‍ ഇയാള്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഗൂഢാലോചന, കൊലപാതകം, വധശ്രമം തുടങ്ങിയവയടക്കം നിരവധി വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇയാളെ ഇപ്പോള്‍ സിബിഐ കസ്റ്റഡിയില്‍ ചോദ്യംചെയ്യുകയാണ്.


ദുബായിലും പാകിസ്ഥാനിലും ഒളിവില്‍ കഴിയുന്ന പ്രതികളെ വിട്ടുകിട്ടുന്നതിന് ഇന്ത്യ നടത്തിവരുന്ന നയതന്ത്ര നീക്കങ്ങളുടെ വിജയമായാണ് ഫറൂഖ് തക്ലയുടെ അറസ്റ്റ്. ഇത് വലിയ ഒരു വിജയമാണ്. മുംബൈ സ്ഫോടന കേസിലെ പ്രതിയായ ഫറൂഖ് തക്ല ദുബായിലുണ്ടെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇയാള്‍ പടിയിലായത് ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിന് വലിയ തിരിച്ചടിയാണ്- സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നികം പറഞ്ഞു.

മുംബൈയില്‍ വിവിധയിടങ്ങളിലായി 12 ബോംബ് സ്ഫോടനങ്ങളാണ് ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ നടത്തിയത്. സ്ഫോടനത്തില്‍ 257 പേര്‍ കൊല്ലപ്പെടുകയും 700ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പാകിസ്താനില്‍ കഴിയുന്ന ദാവൂദിനെ ഇതുവരെയും പിടികൂടാന്‍ സാധിച്ചിട്ടില്ല.



Sharing is Caring