തിരുവനന്തപുരം: ഒഞ്ചിയം, ഓര്‍ക്കാട്ടേരി മേഖലകളില്‍ യുഡിഎഫ്-ആര്‍എംപി പ്രവര്‍ത്തകര്‍ക്കെതിരേ സിപിഎം വ്യാപക അക്രമം നടത്തുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചു. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാറയ്ക്കല്‍ അബ്ദുള്ള നോട്ടീസ് നല്കി. യുഡിഎഫ്-ആര്‍എംപി ഓഫീസുകളും പ്രവര്‍ത്തകരുടെ വീടുകളും സിപിഎം അക്രമികള്‍ നശിപ്പിക്കുകയാണെന്നും പ്രദേശത്ത് രാഷ്ട്രീയ സംഘര്‍ഷം രൂക്ഷമാണെന്നുമായിരുന്നു അടിയന്തരപ്രമേയത്തിന് അനുമതി തേടിയ പാറയ്ക്കല്‍ അബ്ദുള്ളയുടെ ആരോപണം.
എന്നാല്‍ നിലവില്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥയില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്കി. മുന്‍പ് ഒറ്റപ്പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്. സിപിഎം പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടപ്പോഴുണ്ടായ ചില പ്രതികരണങ്ങളായിരുന്നു ഇതിന് കാരണമെന്നും അടിയന്തരപ്രമേയം അനുവദിക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രദേശം ഉള്‍പ്പെടുന്ന മണ്ഡലത്തിലെ എംഎല്‍എയായ സി.കെ.നാണു സംസാരിക്കാന്‍ എഴുന്നേറ്റു. എന്നാല്‍ പ്രതിപക്ഷം നാണുവിന്റെ പ്രസംഗം തടസപ്പെടുത്തി നടുത്തളത്തിലിറങ്ങി. വിഷയത്തില്‍ സംസാരിക്കേണ്ടത് നാണു അല്ലെന്നും മുഖ്യമന്ത്രിയാണ് മറുപടി തരേണ്ടതെന്നും പ്രതിപക്ഷം നിലപാടെടുത്തു.

നാണു പ്രദേശത്തെ എംഎല്‍എയാണെന്നും സംസാരിക്കാന്‍ അവകാശമുണ്ടെന്നും സ്പീക്കര്‍ പറഞ്ഞെങ്കിലും പ്രതിപക്ഷം സമ്മതിച്ചില്ല. തുടര്‍ന്ന് ബഹളത്തെ തുടര്‍ന്ന് സഭ അല്പ നേരത്തേക്ക് നിര്‍ത്തിവച്ചു. പിന്നാലെ സ്പീക്കര്‍ കക്ഷി നേതാക്കളെ വിളിച്ചുവരുത്തി. ഇതിന് ശേഷം സഭ ചേര്‍ന്നപ്പോള്‍ നാണു സംസാരിച്ചു. മുഖ്യമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തരപ്രമേയം തള്ളുകയും ചെയ്തു.













