ദളിതര്‍ക്ക് അഞ്ചേക്കര്‍ ഭൂമി വീതം നല്‍കണമെന്ന് ജിഗ്നേഷ് മേവാനി


ദളിതര്‍ക്ക് അഞ്ചേക്കര്‍ ഭൂമി വീതം നല്‍കണമെന്ന് ദളിത് ആക്ടിവിസ്റ്റും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനി. രാജ്യത്തെ 70 ശതമാനം ദളിതരും സ്വന്തമായി ഭൂമിയില്ലാത്തവരാണെന്നും അവര്‍ക്ക് അഞ്ചേക്കര്‍ ഭൂമി നല്‍കണമെന്നുമാണ് മേവാനിയുടെ ആവശ്യം.


ജയിലിലായ തെലങ്കാനയിലെ ദളിത് നേതാവായ മന്ദക്രിഷ്ണ മഡിഗയെ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളേ കണ്ടപ്പോഴാണ് മേവാനി ഈ ആവശ്യം ഉന്നയിച്ചത്. മഡിഗയെ അറസ്റ്റ് ചെയ്ത് ജയിലലടച്ചിരിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും മേവാനി കൂട്ടിച്ചേര്‍ത്തു. മഡിഗയെ എത്രയും വേഗം മോചിതനാക്കണമെന്ന് മേവാനി തെലങ്കാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.


മഡിഗ സംവരണ പോരാട്ട സമിതി നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്നാണ് മന്ദക്രിഷ്ണ മഡിഗ അറസ്റ്റിലായത്. ദളിത് ഉന്നമനത്തിനായി മന്ദക്രിഷ്ണ മഡിഗയേപ്പോലെ സമാന ചിന്താഗതിക്കാരുമായി ചേര്‍ന്ന് ദേശീയ തലത്തില്‍ സഖ്യമുണ്ടാക്കുമെന്നും മേവാനി വ്യക്തമാക്കി.



Sharing is Caring