ത്രിപുര ആൾക്കൂട്ടക്കൊല; അക്രമികൾ ഒളിപ്പിച്ച യുവാവിന്റെ മൃതദേഹം കണ്ടെത്തി

ത്രിപുരയിൽ പശുക്കടത്ത് ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്ന ഒരു യുവാവിന്റെ മൃതദേഹം കൂടി കണ്ടെടുത്തു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ സലിം ഹുസൈൻ എന്നയാളുടെ മൃതദേഹമാണ് പൊലീസ് കണ്ടെടുത്തത്. ഇതോടെ സംഭവത്തിൽ കൊല്ലപ്പെട്ട നാല് യുവാക്കളുടെ മൃതദേഹം കണ്ടെത്തി.

ത്രിപുരയിലെ ഖോവൈ ജില്ലയിൽ ജൂൺ 20നായിരുന്നു ആക്രമണം നടന്നത്. ബില്ലാൽ മിയ (27), സായിദ് ഹുസൈൻ (28), സൈഫുൽ ഇസ്‌ലാം (21) എന്നിവരെ സംഭവ ദിവസം തന്നെ ശരീരമാസകലം മർദനമേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ത്രിപുര സെപാഹിജാല ജില്ലയിലെ സുനമുര സ്വദേശികളാണ് മരിച്ചവർ.

ജൂൺ 20ന് സലീമിനെ കാണാതായതായി പരാതിയുണ്ടായിരുന്നു. തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
കേസിലെ മൂന്നുപ്രതികളെ അറസ്റ്റുചെയ്തതോടെയാണ് സലീമിനെയും കൊലപ്പെടുത്തി മൃതദേഹം വനത്തിൽ ഒളിപ്പിച്ചെന്ന വിവരം പുറത്തുവന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

നാൽപതോളം പേർ ചേർന്നാണ് യുവാക്കളെ മർദിച്ച് കൊന്നതെന്നാണ് സംഭവം നടന്ന് പിറ്റേന്ന് ത്രിപുര ഐ.ജി അരിന്ദം നാഥ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. എന്നാൽ മൂന്ന് പേരെ മാത്രമാണ് ഇതുവരെ പിടികൂടാനായത്. സംഭവം വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *