ത്രാല്‍ ഏറ്റുമുട്ടല്‍: കൊല്ലപ്പെട്ട ഭീകരില്‍ മസൂദ് അസറിന്റെ സുരക്ഷാ ജീവനക്കാരനും


ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ പുല്‍വാമയില്‍ രണ്ടു ദിവസം മുന്‍പ് നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാലു ഭീകരരില്‍ ഒരാള്‍ പാകിസ്താന്‍ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് മേധാവി മസൂദ് അസറിന്റെ സഹായി ആണെന്ന് പോലീസ്. അസറിന്റെ സ്വകാര്യ സുരക്ഷാ ജീവനക്കാരായ മുഫ്തി യാസിര്‍ ആണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ജെയ്‌ഷെ മുഹമ്മദിന്റെ ഓപറേഷണല്‍ കമാന്‍ഡര്‍ ആണ് യാസിര്‍ എന്ന് കശ്മീര്‍ ഡിജിപി എസ്.പി വൈദ് ട്വീറ്റ് ചെയ്തു.


‘വലിയൊരു ഒഴിവാക്കലാണിതെന്ന്’ കശ്മീര്‍ ഐജി എസ്.പി പാനി പറഞ്ഞു. ജെയ്‌ഷെയുടെ വലിയൊരു കമാന്‍ഡറാണ് യാസിര്‍. അദ്ദേഹം സംഘടനയില്‍ സുപ്രധാനിയായിരുന്നുവെന്നും ഐജി പറഞ്ഞു. ചൊവ്വാഴ്ച ത്രാലിലെ ലാം വനത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഒരു പോലീസുകാരനും വീരമൃത്യൂവരിച്ചു.


കഴിഞ്ഞ വര്‍ഷം ജൂലായ് മുതല്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തെ ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ ആണ് യാസിര്‍. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ലെത്‌പോറയില്‍ നടന്ന ഏറ്റുമുട്ടലില്‍ മുഫ്തി വഖസ് കൊല്ലപ്പെട്ടതിനു ശേഷമാണ് യാസിര്‍ ഈ പദവിയിലേക്ക് എത്തിയത്. നൂര്‍ ത്രാലി, മസൂദ് അസറിന്റെ അനന്തരവന്‍ തല്‍ഹ റഷീദ്, മെഹമൂദ് ഭായ് എന്നിവരാണ് കൊല്ലപ്പെട്ട മറ്റുള്ളവര്‍. കശ്മീര്‍ താഴ്‌വരയില്‍ നടന്ന സുപ്രധാന ആക്രമണങ്ങള്‍ക്കു പിന്നിലെല്ലാം വഖസും ത്രാലിയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ നടന്ന ഏറ്റുമുട്ടലില്‍ 37 ഭീകരര്‍ കൊല്ലപ്പെട്ടതായി ജെയ്‌ഷെയുടെ വക്താവ് അല്‍ ക്വലം അടുത്തിടെ വ്യക്തമാക്കിയിരുന്നു.



Sharing is Caring