തോമസ് ചാണ്ടി അധികാരദുര്‍വിനിയോഗം നടത്തി: സിപിഐ ദേശീയ നേതൃത്വം

കായല്‍ കൈയേറ്റ ആരോപണത്തില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ സിപിഐ ദേശീയനേതൃത്വവും രംഗത്ത്. വിഷയത്തില്‍ തോമസ് ചാണ്ടിക്കെതിരെ നടപടി വേണമെന്ന് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി ആവശ്യപ്പെട്ടു.

തോമസ് ചാണ്ടി അധികാരദുര്‍വിനിയോഗം നടത്തിയിട്ടുണ്ടെന്നും അദ്ദേഹത്തിനെതിരെ നടപടിക്ക് റവന്യൂമന്ത്രി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും സുധാകര്‍ റെഡ്ഡി ദില്ലിയില്‍ വ്യക്തമാക്കി. എല്‍ഡിഎഫ് സര്‍ക്കാരില്‍ അഴിമതിക്ക് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

കുട്ടനാട്ടില്‍ ജനജാഗ്രതായാത്രയ്ക്ക് നല്‍കിയ സ്വീകരണത്തില്‍ തോമസ് ചാണ്ടി നടത്തിയ വെല്ലുവിളി വന്‍വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലാണ് സിപിഐ ദേശീയ നേതൃത്വം വിഷയത്തില്‍ തുറന്നനിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്. തോമസ് ചാണ്ടിയുടെ വെല്ലുവിളിയില്‍ സിപഐഎമ്മും കടുത്ത അതൃപ്തിയിലാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തോമസ് ചാണ്ടിയെ വിളിച്ചുവരുത്തി ശാസിച്ചിരുന്നു.

കാനം രാജേന്ദ്രന്‍ നയിക്കുന്ന യാത്രയില്‍ അദ്ദേഹം കൂടി ഇരുന്ന വേദിയിലായിരുന്നു തോമസ് ചാണ്ടിയുടെ വെല്ലുവിളി. തനിക്കെതിരെ ചെറുവിരല്‍ അനക്കാന്‍ ഒരന്വേഷണസംഘത്തിനും കഴിയില്ലെന്നും താന്‍ കുറ്റക്കാരനല്ലെന്ന് ഉടന്‍ തെളിയുമെന്നും തോമസ് ചാണ്ടി അഭിപ്രായപ്പെട്ടു. നിലവില്‍ നികത്തിയതുപോലെ ബാക്കിയുള്ള പ്ലോട്ടുകളും താന്‍ നികത്തുമെന്നും തോമസ് ചാണ്ടി വെല്ലുവിളിച്ചിരുന്നു. ഇത് സിപിഐ ഭരിക്കുന്ന റവന്യൂവകുപ്പിനോടുകൂടിയുള്ള വെല്ലുവിളിയായിരുന്നു. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനാണ് തോമസ് ചാണ്ടിക്കെതിരെ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്.
തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐ സംസ്ഥാന നേതൃത്വം ശക്തമായ നിലപാടാണ് സ്വീകരിച്ചുവരുന്നത്. തോമസ് ചാണ്ടി കുറ്റക്കാരനാണെങ്കില്‍ സംരക്ഷിക്കില്ലെന്ന് നേരത്തെ പലവട്ടം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസവും കാനം നിലപാട് ആവര്‍ത്തിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *