തോമസ് ചാണ്ടിയെ വയല്‍ നികത്താന്‍ സഹായിച്ചത് ആലപ്പുഴ മുന്‍കളക്ടറുടെ വിചിത്ര തീരുമാനം

മന്ത്രി തോമസ് ചാണ്ടിയ്ക്ക് നിലംനികത്തി പാര്‍ക്കിംഗ് സ്ഥലമാക്കാന്‍ ആലപ്പുഴ മുന്‍ കളക്ടറുടെ വിചിത്ര തീരുമാനം. കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ എവിടെയും കാണാത്ത രീതിയില്‍ വെള്ളം പോകാനുള്ള ചാല് മുഴുവന്‍ കല്ലുകെട്ടാനുള്ള ഉത്തരവുപയോഗിച്ച്‌ തോമസ് ചാണ്ടി പാടം നികത്തി ലേക് പാലസ് റിസോര്‍ട്ടിന് പാര്‍ക്കിംഗ് സ്ഥലമൊരുക്കി. മൂന്ന് വര്‍ഷം മുമ്ബാണ് 250 ലേറെ മീറ്റര്‍ നീളത്തില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ലംഘിച്ച്‌ തോമസ് ചാണ്ടി വയല്‍ നികത്തിയത്. മു്ന്‍ കളക്ടര്‍ എന്‍. പത്മകുമാറാണ് തോമസ് ചാണ്ടിക്ക് എല്ലാ ഒത്താശയും നല്‍കിയത്.
തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്ന കുറുവേലി പാടശേഖരത്താണ് നിയമ ലംഘനം നടന്നത്. ഇവിടെ വെള്ളം ഒഴുക്കിക്കളയാനുള്ള ചാല് കല്ലുകെട്ടുന്നതിനായി ലേക് പാലസ് റിസോര്‍ട്ട് കമ്ബനിയായ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്ബനി 2013 ല്‍ അപേക്ഷ നല്‍കി. ഈ അപേക്ഷയില്‍ ചാല് മുഴുവന്‍ കല്ല് കെട്ടാന്‍ അന്നത്തെ ജില്ലാ കളക്ടര്‍ എന്‍ പത്മകുമാര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ കുട്ടനാട്ടിലെ ആയിരക്കണക്കിന് ഏക്കര്‍ കൃഷിയുള്ള പാടശേഖരങ്ങളില്‍ പോലും ഇല്ലാത്തതാണ് വെള്ളമൊഴുകിപ്പോകുന്ന ചാലിന് മുഴുവനായി കല്ലുകെട്ടുക എന്നത്.
കല്ല് കെട്ടുന്നത് ചാലിലെ വെള്ളം പുറത്തേക്ക് കളയുന്ന പമ്ബിനോട് ചേര്‍ന്ന് മാത്രമാണ്. അതും പരമാവധി ഒരു ഭാഗത്ത് അമ്ബത് മീറ്റര്‍ മാത്രം.
പിന്നെന്തിനാണ് ഇവിടേക്ക് മാത്രമായി ഇങ്ങനെയൊരു ഉത്തരവ് നല്‍കിയെന്ന ചോദ്യത്തിന് തോമസ് ചാണ്ടി പിന്നീട് നടത്തിയ നിയമലംഘനങ്ങളാണ് ഉത്തരം. കല്ല് കെട്ടാനുള്ള ഉത്തരവ് കിട്ടിയതോടെ തോമസ് ചാണ്ടി പണി തുടങ്ങി. വെള്ളം പോകുന്ന ചാലിനോട് ചേര്‍ന്ന് നല്ല ഉയരത്തില്‍ കല്ല് കെട്ടി. എന്നാല്‍ റോഡിനോട് ചേര്‍ന്ന മറ്റേ ഭാഗത്ത് കെട്ടിയതുമില്ല.
പിന്നീട് ചാലിനോട് ചേര്‍ന്ന് കല്ല് കെട്ടിയതിന്റെ പതിനഞ്ച് മീറ്ററപ്പുറവും കല്ല് കെട്ടിയുയര്‍ത്തി മണ്ണിട്ടു. കൃഷിചെയ്തുകൊണ്ടിരുന്ന പാടത്ത് എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിക്കൊണ്ടുള്ള മണ്ണടിക്കല്‍. അതിന് തോമസ് ചാണ്ടി ഈ ഉത്തരവ് മറയാക്കി. വയല്‍ നികത്തി പണിത പാര്‍ക്കിംഗ് സ്ഥലത്തിന് ഏകദേശം 15 മീറ്റര്‍ വീതിയും 250 മീറ്റര്‍ നീളവുമുണ്ട്.
വെറും മൂന്ന് വര്‍ഷം മുമ്ബായിരുന്നു എല്ലാ നിയമങ്ങളും ലംഘിച്ചുള്ള ഈ നികത്ത്. നെല്‍കൃഷി നടത്തിക്കൊണ്ടിരുന്ന പാടത്ത് വലിയ പാര്‍ക്കിംഗ് സ്ഥലമുണ്ടാക്കിക്കൊടുക്കാനായിരുന്നു ഇങ്ങനെയൊരു സഹായം അന്നത്തെ കളക്ടറായിരുന്ന എന്‍. പത്മകുമാര്‍ ചെയ്ത് കൊടുത്തതെന്ന് വ്യക്തമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *