സ്വാശ്രയ മെഡിക്കല്‍ ഫീസ്: ‘മാനേജ്മെന്റുകള്‍ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഇടപെട്ടു’; ആരോഗ്യമന്ത്രിയെ നോക്കുകുത്തിയാക്കിയെന്നും വി.ഡി സതീശന്‍


സ്വാശ്രയ ഫീസ് വര്‍ദ്ധനയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഒാഫീസിനെതിരെ വിഡി സതീശന്‍ എംഎല്‍എ. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പിഎ മാനേജുമെന്‍റുകള്‍ക്ക് വേണ്ടി ഇടപെട്ടുവെന്നും ആരോഗ്യമന്ത്രിയെ നോക്കുകുത്തിയാക്കുകയായിരുന്നു എന്നും വിഡി സതീശന്‍ സഭയില്‍ ആരോപണം ഉന്നയിച്ചു.


സ്വാശ്രയ പ്രവേശനം വഷളാക്കിയത് മുഖ്യമന്ത്രിയുടെ ഒാഫീസാണെന്നും സഭയില്‍ ആരോപണം ഉയര്‍ന്നു
സ്വാശ്രയ മെഡിക്കല്‍ ഫീസുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ പിടിപ്പുകേട് കുട്ടികളെ ആശങ്കയിലാക്കിയെന്ന് പ്രതിപക്ഷം സഭയില്‍ പറഞ്ഞു. 5 ലക്ഷം ഫീസ് 11 ലക്ഷമായി വര്‍ദ്ധിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നും നിലവില്‍ അഞ്ച് കൊല്ലം വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കണമെങ്കില്‍ 55 ലക്ഷം രൂപ ഫീസ് കൊടുക്കേണ്ട സ്ഥിതിയാണെന്നും പ്രതിപക്ഷം പറഞ്ഞു. വിഷയത്തില്‍ വിഡി സതീശന്‍ എംഎല്‍എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.


എന്നാല്‍ സ്വാശ്രയ ഫീസ് വര്‍ദ്ധനയുമായി ബന്ധപ്പെട്ട് വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് പിഴവ് സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ.ക ശൈലജ പറഞ്ഞു. കുറഞ്ഞ ഫീസില്‍ പഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമെന്നും സര്‍ക്കാരുമായി കരാറൊപ്പിടാത്ത മാനേജ്‌മെന്റുകള്‍ സുപ്രീം കോടതിയെ സമീപിച്ചാണ് പുതിയ ഫീസ് നിരക്ക് ഉണ്ടാക്കിയതെന്നും കെ.കെ ശൈലജ പറഞ്ഞു.

ചൊവ്വാഴ്ച്ച സ്വാശ്രയ മെഡിക്കല്‍ ഫീസ് 11 ലക്ഷം രൂപ ഈടാക്കന്‍ സുപ്രീം കോടതിയുടെ താത്ക്കാലിക അനുമതി നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാരുമായി കരാറില്‍ ഒപ്പിടാത്ത സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് താത്ക്കാലികമായി 11 ലക്ഷം ഫീസ് ഈടാക്കാമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. സര്‍ക്കാര്‍ നിശ്ചയിച്ച അഞ്ച് ലക്ഷത്തില്‍ നിന്ന് സ്വാശ്രയ എംബിബിഎസ് ഫീസ് കുത്തനെ കൂട്ടിയാണ് പ്രവേശനം നടത്താന്‍ മാനേജ്മെന്റുകള്‍ക്ക് സുപ്രീം കോടതി അനുമതി നല്‍കിയത്.



Sharing is Caring