തൊഗാഡിയയുടെ തിരോധാനം: ദുരൂഹത നിറഞ്ഞതെന്ന് പിണറായി വിജയന്‍

വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയായുടെ തിരോധാനവും ആശുപത്രി വാസവും ദുരൂഹത നിറഞ്ഞതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് കായംകുളത്ത് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നോട്ട് നിരോധനവും ജി.എസ്.ടിയും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ വകതിരിവില്ലാത്ത നടപടികളായിരുന്നു. നോട്ട് നിരോധനം രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെ തകര്‍ത്തു. എന്നിട്ടും വകതിരിവില്ലാത്ത നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. ഇതിന്റെ തെളിവാണ് ജനങ്ങളുടെ നിക്ഷേപം ധനകാര്യ സ്ഥാപനങ്ങള്‍ക്ക് യഥേഷ്ടം കൈകാര്യം ചെയ്യാനുളള പുതിയ നിയമവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത് വരുന്നത്.

ജനങ്ങളുടെ നിക്ഷേപത്തുക വച്ച് കോര്‍പ്പറേറ്റുകളുടെ കിട്ടാക്കടം നികത്താനുളള മറ്റൊരു തന്ത്രം കൂടിയാണിത്. റിസര്‍വ് ബാങ്കിനെ കേന്ദ്ര സര്‍ക്കാര്‍ വെറും നോക്കുകുത്തിയാക്കി. രാജ്യത്തിന്റെ മതനിരപേക്ഷിതയും ഫെഡറലിസവും പാര്‍ലമെന്ററി ജനാധിപത്യവും തകര്‍ക്കാന്‍ ശ്രമിക്കുന്നു. ആര്‍.എസ്.എസിന്റെ നയമാണ് ബി.ജെ.പി മന്ത്രിമാര്‍ നടപ്പിലാക്കുന്നത്. കോണ്‍ഗ്രസിന്റെ സാമ്പത്തിക ഉദാരവല്‍ക്കരണത്തെ എതിര്‍ത്ത ബി.ജെ.പി തന്നെ ഇന്ന് ആ നയങ്ങള്‍ നടപ്പിലാക്കുകയാണ്.

ഇതിന് അവസരം നല്‍കിയത് കോണ്‍ഗ്രസ്സാണ്. രാജ്യം നേരിടുന്ന ഫാസിസ്റ്റ് വെല്ലുവിളികളെ നേരിടാന്‍ മതേതര കക്ഷികളുമായി യോജിക്കുന്നതില്‍ തെറ്റില്ല, എന്നാല്‍ തെരഞ്ഞെടുപ്പ് സഖ്യത്തില്‍ ഇടതുപക്ഷത്തിന് വ്യക്തമായ നിലപാട് ഉണ്ടെന്നും പിണറായി പറഞ്ഞു. മന്ത്രി ജി സുധാകരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സജി ചെറിയാന്‍, സി.എസ് സുജാത, സി.കെ സദാശിവന്‍, സി.ബി ചന്ദ്രബാബു, എം.എ അലിയാര്‍, കെ.എച്ച് ബാബുജാന്‍, പി അരവിന്ദാക്ഷന്‍, എന്‍ ശിവദാസന്‍, ജി വേണുഗോപാല്‍, ടി.കെ ദേവകുമാര്‍, എം സുരേന്ദ്രന്‍, എ മഹേന്ദ്രന്‍, ഡി ലഷ്മണന്‍, ആര്‍ നാസര്‍, കെ പ്രസാദ്, പി ഗാനകുമാര്‍, എം.എല്‍.എമാരായ പ്രതിഭാ ഹരി, ആര്‍ രാജേഷ്, എ.എം ആരിഫ് എന്നിവര്‍ പ്രസംഗിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *