തെളിവു നല്‍കി 20 വിരലടയാളങ്ങള്‍; കൂട്ടക്കൊലയ്ക്കു കാരണം മന്ത്രവാദ ബന്ധങ്ങള്‍

വണ്ണപ്പുറം കമ്പകക്കാനം കൂട്ടക്കൊലയ്ക്ക് വഴിവച്ചത് ഗൃഹനാഥന്‍ കാനാട്ട് കൃഷ്ണന്റെ മന്ത്രവാദ ബന്ധങ്ങളെന്ന് സൂചന. കൃഷ്ണനെ അടുത്ത നാളുകളില്‍ ഏറ്റവും കൂടുതല്‍ തവണ വിളിച്ചിട്ടുള്ള നെടുങ്കണ്ടം സ്വദേശി പൊലിസ് കസ്റ്റഡിയിലുണ്ട്.

ഇയാളിലൂടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുമെന്ന പ്രതീക്ഷയിലാണ് പൊലിസ്. ഒന്നിലധികം പേര്‍ കൃത്യത്തില്‍ ഉള്‍പ്പെട്ടെന്ന് വ്യക്തമാക്കുന്ന വിരലടയാള റിപ്പോര്‍ട്ട് പൊലിസിന് ലഭിച്ചു. വീട്ടുകാരുടേതല്ലാത്ത 20 വിരലടയാളങ്ങളാണ് കൊലനടന്ന വീട്ടില്‍ വ്യക്തമായി പതിഞ്ഞിട്ടുള്ളത്.

കാനാട്ട് കൃഷ്ണന്‍ (52), ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്‍ജുന്‍ (18)എന്നിവരുടെ മൃതദേഹങ്ങള്‍ ബുധനാഴ്ചയാണ് വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. പ്രതികളെ പിടികൂടാന്‍ പഴുതടച്ചുള്ള അന്വേഷണമാണ് തൊടുപുഴ ഡിവൈഎസ്പി കെ പി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം ആരംഭിച്ചിട്ടുള്ളത്.

കവര്‍ച്ചക്കിടെ നടന്ന കൊലപാതകമാകാനുള്ള സാധ്യത പൊലിസ് ആദ്യം തന്നെ തള്ളിയിരുന്നു. വീട്ടില്‍ അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങളില്ല. കൃത്യം നടത്തിയത് കുടുംബവുമായി പരിചയമുള്ളവാരാണെന്ന് ഇത് സൂചിപ്പിക്കുന്നു. 30 പവനോളം നഷ്ടപ്പെട്ടതായി പറയുന്നുണ്ട്. ആര്‍ഷയുടെ മുറിയിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നതെന്ന് കൊല്ലപ്പെട്ട സുശീലയുടെ സഹോദരി ഓമനയാണ് പൊലിസിനെ അറിയിച്ചത്.

എന്നാല്‍ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സ്വര്‍ണം കണ്ടെത്താന്‍ കഴിഞ്ഞില്ല. കൊലയാളികള്‍ സ്വര്‍ണം കവര്‍ന്നിട്ടുണ്ടെങ്കില്‍ അത് അന്വേഷണം വഴിതിരിച്ചു വിടാനാകുമെന്ന് പൊലിസ് സംശയിക്കുന്നു. മരിച്ച നാലുപേരുടെയും ദേഹത്ത് മാരകമായ നിരവധി മുറിവുകളും ക്ഷതങ്ങളും ഏറ്റിട്ടുണ്ട്.

മോഷ്ടാക്കള്‍ നടത്തുന്ന കൊലപാതകങ്ങളില്‍ ഇങ്ങനെ സംഭവിക്കാറില്ലെന്ന് പൊലിസ് പറയുന്നു. മൃതദേഹങ്ങള്‍ കുഴിച്ചു മൂടാനും മോഷ്ടാക്കള്‍ മെനക്കെടാറില്ല. മൃതദേഹങ്ങള്‍ കുഴിച്ചിട്ടതിനടുത്തു നിന്ന് കണ്ടെത്തിയ ചുറ്റികയും കഠാരയും ഈ വീട്ടിലേതു തന്നെയെന്നാണ് നിഗമനം. ഇവ കൂടാതെ മറ്റേതോ ആയുധം കൂടി ഉപയോഗിച്ചുള്ള മുറിവുകളും കൊല്ലപ്പെട്ടവരുടെ ദേഹത്ത് ഉണ്ടായിരുന്നു.

ഇതെല്ലാം വിലയിരുത്തിയാണ്് കൃഷ്ണന്റെ ഇടപാടുകളിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുന്നത്. കൃഷ്ണനെ നിരന്തരം ഫോണ്‍ ചെയ്ത പതിനഞ്ചോളം പേരെ ഇതിനകം ചോദ്യം ചെയ്തു കഴിഞ്ഞു. മന്ത്രവാദികള്‍ അടക്കമുള്ളവരാണ് ഇവര്‍.

കൃഷ്ണന്റെ പല ഇടപാടുകളിലെയും സഹായിയാണ് കസ്റ്റഡിയിലുള്ള നെടുങ്കണ്ടം സ്വദേശി. അധ്വാനമെന്നും കൂടാതെ കോടീശ്വരനാക്കാമെന്ന് വാഗ്ദാനം ചെയ്ത് കബളിപ്പിക്കുന്ന റൈസ്പുള്ളര്‍ ഇടപാടുകളിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഇയാള്‍ മുഖാന്തിരം പലയിടങ്ങളിലും കൃഷ്ണന്‍ ആഭിചാര ക്രിയകള്‍ക്ക് പോയതായും പൊലിസിന് വിവരം ലഭിച്ചു. മന്ത്രി എം.എം. മണി ഇന്നലെ കൂട്ടക്കൊല നടന്ന വീട് സന്ദര്‍ശിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *