സോളാര്‍ കേസ്: സരിതയുടെ വിവാദ കത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയത് ഗണേഷ് കുമാര്‍- ഉമ്മന്‍ ചാണ്ടി

കേരളാ കോണ്‍ഗ്രസ് ബി നേതാവും എം.എല്‍.എയുമായ കെ.ബി ഗണേഷ് കുമാറിനെതിരെ കൊട്ടാരക്കര കോടതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മൊഴി നല്‍കി. ലൈംഗിക ആരോപണങ്ങള്‍ അടങ്ങിയ സരിത എസ് നായരുടെ വിവാദ കത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയത് ഗണേഷ് കുമാറാണെന്നും 21 പേജുള്ള കത്തില്‍ മൂന്ന് പേജുകള്‍ കൂട്ടിച്ചേര്‍ത്ത് ഗണേഷ് 24 പേജാക്കിയെന്നും ഉമ്മന്‍ ചാണ്ടിയുടെ മൊഴിയില്‍ പറയുന്നു. മന്ത്രിയാക്കാത്തതിലുള്ള വിരോധം തീര്‍ത്തതാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

കോടതിയില്‍ മൊഴി നല്‍കിയ ശേഷം പുറത്തിറങ്ങിയ ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളെയും കണ്ടു. സത്യം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ കേസില്‍ നേതാക്കള്‍ക്കെതിരായ ലൈംഗിക ആരോപണങ്ങള്‍ അടങ്ങിയ കത്ത് വിവാദത്തില്‍ വഴിത്തിരിവാണ് ഉമ്മന്‍ ചാണ്ടിയുടെ മൊഴിയോടെ ഉണ്ടായിരിക്കുന്നത്. നേരത്തെ ഗണേഷ് കുമാറിനെതിരെ ആരോപണങ്ങളുമായി സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു.

സരിതയുടെ 21 പേജുള്ള കത്ത് 25 പേജാക്കി മാറ്റിയത് ഗണേഷായിരുന്നു എന്ന് അന്ന് ഫെനി പറഞ്ഞിരുന്നു. ഗണേഷ് കുമാറിന്റെ വീട്ടില്‍ വച്ചാണ് നാലു പേജ് കൂട്ടിച്ചേര്‍ത്തതെന്നും ഫെനി പറഞ്ഞു. ബാലകൃഷ്ണപിള്ളിയുടെ ബന്ധു ശരണ്യ മനോജാണ് ഈ നാല് പേജ് എഴുതി തയ്യാറാക്കിയത്. 2015 മാര്‍ച്ച് 13 നായിരുന്നു ഇത്. പത്തനംതിട്ട ജയിലില്‍ നിന്ന് ഞാന്‍ കൊണ്ടു വന്ന കത്ത് തന്റെ കൈയിയില്‍ നിന്ന് വാങ്ങിയത് ഗണേഷ് കുമാറിന്റെ പി.എ പ്രദീപാണ്. എന്റെ വാഹനത്തില്‍ വച്ചാണ് ഇവര്‍ എഴുതിചേര്‍ത്ത പേജുകള്‍കൂടി കത്തിലേക്ക് കൂട്ടിചേര്‍ത്തത്. അതു കൊണ്ട് എല്ലാര്‍ക്കും പണി കൊടുക്കാനാണ് കത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയതെന്ന് ഗണേഷിന്റെ പി.എ തന്നോട് പറഞ്ഞിരുന്നു. ടവര്‍ ലക്കേഷന്‍ പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാകുമെന്നും ഫെനി വ്യക്തമാക്കിയിരുന്നു. തനിക്ക് ലഭിച്ചത് 21 പേജുള്ള കത്താണെന്ന് ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന് മുന്നിലും അദ്ദേഹം മൊഴി നല്‍കിയിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. സരിതയുടെ കത്തില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും പേരില്‍ കേസെടുക്കണമെന്ന് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു.

ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലുണ്ടായിരുന്ന നിരവധി നേതാക്കള്‍ തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് സരിത ആരോപണമുയര്‍ത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സരിത സോളാര്‍ കമ്മീഷന് കത്ത് നല്‍കുകയും ചെയ്തു. മുന്‍ മന്ത്രി എപി അനില്‍ കുമാര്‍, ജോസ് കെ മാണി. അടൂര്‍ പ്രകാശ്,പളനിമാണിക്യം, മുന്‍ കെപിസിസി സെക്രട്ടറി എന്‍ സുബ്രഹ്മണ്യം,ഹൈബി ഈഡന്‍, കെസി വേണുഗോപാല്‍ തുടങ്ങിയവരുടെ പേരുകള്‍ കത്തില്‍ പരാമര്‍ശിച്ചിരുന്നു. ഇവര്‍ക്കെതിരെ ബലാത്സംഗ കുറ്റത്തിന് അന്വേഷണം നടത്താന്‍ കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്. അതേസമയം വിവാദ കത്തില്‍ തനിക്കെതിരയെുള്ള പരാമര്‍ശങ്ങള്‍ നീക്കണം എന്നാവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിവാദ ഭാഗങ്ങള്‍ കോടതി നീക്കുകയുമുണ്ടായി. ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച് പത്രക്കുറിപ്പ് ഇറക്കിയതും സര്‍ക്കാര്‍ എടുത്ത തുടര്‍ നടപടികളും പുനഃപരിശോധിക്കണമെന്നും നിര്‍ദേശിച്ചു.

റിപ്പോര്‍ട്ടിന്റെ മറ്റ് ഭാഗങ്ങള്‍ നിലനില്‍ക്കുമെന്നും കോടതി അറിയിച്ചു. സരിതയുടെ കത്തും അതിന്മേലുള്ള പരാമര്‍ശങ്ങളും നീക്കുന്നതോടെ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ കമ്മീഷന് അന്വേഷിക്കാന്‍ വിഷയമില്ലാതായിട്ടുണ്ട്. കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയ കത്തിന്റെ അടിസ്ഥാനത്തില്‍ സോളര്‍ കമ്മിഷന്റെ കണ്ടെത്തലുകളിലും നിഗമനങ്ങളിലും ഉമ്മന്‍ ചാണ്ടിക്കെതിരെ തെറ്റായ പരാമര്‍ശങ്ങളുണ്ടായി എന്നാരോപിച്ചാണു സുധീര്‍ ജേക്കബ് എന്നയാള്‍ കൊട്ടാരക്കര കോടതിയെ സമീപിച്ചത്. ഫെനി ബാലകൃഷ്ണന്‍, പത്തനംതിട്ട ജില്ലാ ജയില്‍ സൂപ്രണ്ടായിരുന്ന വിശ്വനാഥക്കുറുപ്പ് തുടങ്ങിയവരുടെ മൊഴി കോടതി നേരത്തെ രേഖപ്പെടുത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *