തെരഞ്ഞെടുപ്പിനിടെ ഇ.വി.എം മെഷീന്‍ ബി.ജെ.പി എം.എല്‍.എയുടെ ഹോട്ടലില്‍

മധ്യപ്രദേശ് : മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനവിധിയെ അട്ടിമറിക്കാന്‍ ഭരണകക്ഷിയായ ബി.ജെ.പി ഗൂഢാലോചന നടത്തിയെന്ന് കോണ്‍ഗ്രസ് ആരോപണം.

ഭോപ്പാലില്‍ വോട്ടെടുപ്പിന് ഉപയോഗിച്ച ഇ.വി.എം മെഷീനുകളും വി.വി.പാറ്റ് മെഷീനുകളും സൂക്ഷിച്ചിരുന്ന സ്രോങ് റൂമിന് പുറത്ത് സ്ഥാപിച്ചിരുന്ന കാമറയില്‍ നിന്നുള്ള തത്സമയ ദൃശ്യങ്ങള്‍ ഒന്നര മണിക്കൂറിലേറെ തടസപ്പെട്ടുവെന്ന് അവര്‍ ആരോപിച്ചു. ഈ ഒന്നര മണിക്കൂര്‍ സമയം റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങളാണ് ലൈവ് എന്ന വ്യാജേന പുറത്തുവിട്ടതെന്നും ആരോപണമുണ്ട്.

മറ്റൊന്ന് ഖുറൈ നിയമസഭാ മണ്ഡലത്തിലെ ഇ.വി.എം മെഷീനുകള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ സാഗറിലെ ജില്ലാ ആസ്ഥാനത്ത് എത്തിക്കാന്‍ മണിക്കൂറുകളോളം വൈകിയെന്നും പറയുന്നു.
വെള്ളിയാഴ്ച രാവിലെയാണ് ഭോപ്പാലിലെ ഓള്‍ഡ് ജയില്‍ കാമ്ബസിനുള്ളിലെ സ്‌ട്രോങ് റൂമിനു പുറത്ത് സ്ഥാപിച്ചിരുന്ന കാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ തടസപ്പെട്ടത്. വൈദ്യുതിബന്ധത്തിലെ തകരാറാണ് ലൈവ് തടസപ്പെടാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ തടസപ്പെട്ടതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കോണ്‍ഗ്രസ് മാധ്യമ ഉപ വക്താവ് ഭുപേന്ദ്ര ഗുപ്ത പറഞ്ഞു.

ഖുറൈ സീറ്റില്‍ നിന്നുള്ള ഇ.വി.എം മെഷീനുകള്‍ വോട്ടെടുപ്പ് നടന്ന് 48 മണിക്കൂറിന് ശേഷമാണ് സ്‌ട്രോങ് റൂമില്‍ എത്തിച്ചതെന്നാണ് ആരോപണം. എന്നാല്‍ ഈ മെഷീനുകള്‍ ഉപയോഗിക്കാത്തതും ഏതെങ്കിലും മെഷീനുകള്‍ തകരാറിലായാല്‍ പകരം ഉപയോഗിക്കാന്‍ വേണ്ടി കരുതിവച്ചിരുന്നതുമാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

വോട്ടെടുപ്പിന് ശേഷം മെഷീനുകള്‍ സാഗറിലെ ജില്ലാ ആസ്ഥാനത്ത് എത്തിക്കുന്നതിന് പകരം ബി.ജെ.പി സിറ്റിങ് എം.എല്‍.എയും സ്ഥാനാര്‍ഥിയുമായ ഭുപേന്ദ്ര സിങിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലേക്കാണ് കൊണ്ടുപോയതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *