നടനും രാജ്യസഭ എംപിയുമായ സുരേഷ് ഗോപിയെ തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി നേതൃത്വം തീരുമാനിച്ചു. നേരത്തെ ബിഡിജെഎസിനാണ് തൃശൂര്‍ സീറ്റ് നല്‍കിയിരുന്നത്. ഇവിടെ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കും എന്നായിരുന്നു തീരുമാനം. എന്നാല്‍ വയനാട് രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ തീരുമാനിച്ചതോടെ തുഷാറിനെ വയനാട്ടിലേയ്ക്ക് മാറ്റുകയായിരുന്നു. സുരേഷ് ഗോപിയെ നേരത്തെ തിരുവനന്തപുരം, കൊല്ലം മണ്ഡലങ്ങളിലാണ് പരിഗണിച്ചിരുന്നത്.
തൃശൂരില്‍ ശക്തമായ മത്സരം ലക്ഷ്യമിട്ടാണ് സുരേഷ് ഗോപിയെ മത്സരിപ്പിക്കുന്നത് എന്നാണ് ബിജെപിയുടെ അവകാശവാദം. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരുടെ നിര്‍ദ്ദേശപ്രകാരമാണ് തൃശൂരില്‍ സുരേഷ് ഗോപിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. സുരേഷ് ഗോപിയെ ബിജെപി നേതൃത്വം ഡല്‍ഹിയിലേയ്ക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നു. 1.25,000ല്‍ പരം വോട്ടുകള്‍ കഴിഞ്ഞ തവണ തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി നേടിയിരുന്നു. ഇത്തവണ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.













