തൃശൂരില്‍ ഇത്തവണ പുലിക്കളി ഇല്ല


തൃശൂര്‍: തൃശൂരില്‍ ഇത്തവണ പുലിക്കളി ഇല്ല. മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ തൃശൂരില്‍ പുലിക്കളി ഇല്ലെന്ന് പുലിക്കളി സംഘങ്ങള്‍ ആണ് അറിയിച്ചത്.


അതേസമയം തലസ്ഥാനത്ത് അടക്കം വിവിധ ജില്ലകളില്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ ഉപേക്ഷിക്കാന്‍ മന്ത്രിസഭായോഗം നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. സംസ്ഥാനത്തുണ്ടായ കാലവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു. ഈ ആഘോഷങ്ങള്‍ക്ക് ചെലവിടുന്ന തുക ദുരിതാശ്വാസത്തിനായി ഉപയോഗിക്കും. ഓണാഘോഷം ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യുഡിഎഫും നേരത്തെ ആവശ്യപ്പെട്ടിരുന്നു.


വിവിധ ജില്ലകളിലെ ഓണാഘോഷപരിപാടികള്‍ക്ക് 35 കോടിയോളം രൂപ വിനോദസഞ്ചാര വകുപ്പ് ചെലവിടുന്നുണ്ട്. കുട്ടനാട്ടിലെ വെള്ളപ്പൊക്കവും ദുരിതവും കണക്കിലെടുത്ത് ആലപ്പുഴയില്‍ നടക്കേണ്ടിയിരുന്ന നെഹ്‌റുട്രോഫി വള്ളം കളിയും ഇത്തവണ നടത്തിയില്ല. നെഹ്‌റുട്രോഫി അടക്കം സംസ്ഥാനത്തെ വള്ളംകളികള്‍ ഉള്‍പ്പെടുത്തി പ്രത്യേക ലീഗ് മത്സരം നടത്താനായിരുന്നു വിനോദസഞ്ചാരവകുപ്പ് തീരുമാനിച്ചിരുന്നത്. മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ പദ്ധതി വേണ്ടെന്നുവെച്ചു.

കേരളത്തിലെയും വിവിധ സംഘടനകള്‍ നടത്താനിരുന്ന ഓണപരിപാടികളും ഇത്തവണ വേണ്ടെന്നു വെച്ചിട്ടുണ്ട്. ഓണാഘോഷത്തിനായ് ചിലവിടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിലേക്ക് നല്‍കാനാണ് സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്. ഒപ്പം വിദേശ മലയാളികളും ഗള്‍ഫ്‌നാടുകളില്‍ ഉള്‍പ്പെടെ നടത്താനിരുന്ന ഓണ ആഘോഷവും വേണ്ടെന്നു വച്ച് ദുരിതാശ്വാസത്തിലേക്ക് തുക കൈമാറാന്‍ തീരുമാനിച്ചിട്ടുണ്ട്.



Sharing is Caring