തുർക്കിഷ് താരം സെയ്‌നപ് സോണ്‍മെസ് ഓസ്‌ട്രേലിയൻ ഓപ്പണില്‍ തന്റെ സ്വപ്നതുല്യമായ കുതിപ്പ് തുടരുന്നു. രണ്ടാം റൗണ്ട് മത്സരത്തില്‍ ഹംഗറിയുടെ അന്ന ബോണ്ടറെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (6-2, 6-4) പരാജയപ്പെടുത്തിയാണ് സോണ്‍മെസ് കരിയറില്‍ ആദ്യമായി മെല്‍ബണില്‍ മൂന്നാം റൗണ്ടിലെത്തിയത്.
ഇതോടെ ഓപ്പണ്‍ ഇറയില്‍ (Open Era) തുടർച്ചയായി രണ്ട് ഗ്രാൻഡ്‌സ്ലാം ടൂർണമെന്റുകളില്‍ മൂന്നാം റൗണ്ടിലെത്തുന്ന ആദ്യ തുർക്കിഷ് താരമെന്ന അഭിമാനനേട്ടവും ഈ 23-കാരി സ്വന്തമാക്കി.ഏഴ് മാസം മുൻപ് വിംബിള്‍ഡണില്‍ മൂന്നാം റൗണ്ടിലെത്തി ചരിത്രം കുറിച്ച സോണ്‍മെസ്, ആ പ്രകടനം വെറുമൊരു യാദൃശ്ചികമല്ലെന്ന് മെല്‍ബണ്‍ പാർക്കിലും തെളിയിച്ചിരിക്കുകയാണ്. ക്വാളിഫയറായി ടൂർണമെന്റിനെത്തിയ താരം സമ്മർദ്ദഘട്ടങ്ങളില്‍ കാണിക്കുന്ന പക്വതയും കരുത്തുറ്റ ബേസ്‌ലൈൻ ഗെയിമുമാണ് വിജയത്തില്‍ നിർണ്ണായകമായത്.

ആദ്യ സെറ്റില്‍ ആധികാരികമായി മുന്നേറിയ താരം രണ്ടാം സെറ്റില്‍ അന്ന ബോണ്ടർ ഉയർത്തിയ വെല്ലുവിളിയെ അതിജീവിച്ചാണ് വിജയം ഉറപ്പിച്ചത്.തുർക്കിഷ് ടെന്നീസിന്റെ വളർച്ചയിലെ നാഴികക്കല്ലായി സെയ്‌നപ് സോണ്‍മെസിന്റെ ഈ മുന്നേറ്റം വിലയിരുത്തപ്പെടുന്നു. ലോകവേദികളില്‍ തുർക്കിയുടെ അഭിമാനമായി മാറിയ താരം മൂന്നാം റൗണ്ടില്‍ കൂടുതല്‍ കരുത്തുറ്റ എതിരാളികളെ നേരിടാനൊരുങ്ങുകയാണ്.













