തുലാമാസപൂജക്കായുള്ള ഒരുക്കങ്ങള്‍ തിങ്കളാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തുലാമാസപൂജക്കായുള്ള ഒരുക്കങ്ങള്‍ തിങ്കളാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പമ്പയിലും നിലയ്ക്കലിലും ആവശ്യമായ ക്രമീകരണങ്ങളെല്ലാം ഒരുക്കണം. ദേവസ്വംബോര്‍ഡുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ദേവസ്വം, വനം, ജലവിഭവമന്ത്രിമാരും അവലോകനയോഗത്തില്‍ പങ്കെടുത്തു.

അതേസമയം, എന്‍ഡിഎയുടെ ശബരിമല സംരക്ഷണയാത്ര കൊല്ലം ജില്ലയില്‍ പര്യടനം തുടരുകയാണ്. എന്‍ഡിഎ ചെയര്‍മാന്‍ പി എസ് ശ്രീധരന്‍ പിള്ള നയിക്കുന്ന യാത്രയുടെ പര്യടനം മാടന്‍ നടയില്‍ നിന്നാരംഭിച്ചു. വൈകിട്ട് ചാത്തന്നൂരില്‍ നടക്കുന്ന സമ്മേളനത്തോടെ ജില്ലയിലെ പര്യടനം പൂര്‍ത്തിയാകും. പതിനാലിന് തിരുവനന്തപുര ജില്ലയില്‍ പ്രവേശിക്കുന്ന യാത്ര പതിനഞ്ചിന് സമാപിക്കും. ശ്രീധരന്‍ പിള്ളയ്ക്ക് ഒപ്പം ബി ജെ പി സംസ്ഥാന നേതാക്കളും എന്‍ ഡി എ യുടെ വിവിധ കക്ഷി നേതാക്കളും യാത്രയെ അനുഗമിക്കുന്നുണ്ട്.

ശബരിമല പ്രക്ഷോഭത്തില്‍ നിന്ന് കോണ്‍ഗ്രസും യുഡിഎഫും പിന്നോട്ട് പോയിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ പറഞ്ഞു. കോണ്‍ഗ്രസ് നിലകൊള്ളുന്നത് വിശ്വാസികളുടെ വികാരത്തിനൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ, ശബരിമല ദര്‍ശനത്തിന് ഉടന്‍ കേരളത്തിലെത്തുമെന്ന് വനിതാ അവകാശപ്രവര്‍ത്തക തൃപ്തി ദേശായി പറഞ്ഞു. ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്നതും സമരം ചെയ്യുന്നതും ശരിയല്ല. സ്ത്രീകള്‍ക്ക് അയ്യപ്പനെ ദര്‍ശിക്കാനുള്ള അവകാശം സുപ്രീംകോടതി അനുവദിച്ചതാണ്. അത് തടയാന്‍ ശ്രമിക്കുന്നത് കോടതിയലക്ഷ്യമാകും. ഭരണഘടന അംഗീകരിക്കുന്നുണ്ടോയെന്ന് കോണ്‍ഗ്രസും ബിജെപിയും വ്യക്തമാക്കണമെന്നും തൃപ്തി ദേശായി മുംബൈയില്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *