തിരുവനന്തപുരത്തും അഭിഭാഷകര്‍ അഴിഞ്ഞാടി; മദ്യകുപ്പികളുമായി ആക്രമണം

ഹൈക്കോടതിയിലെ ആക്രമണത്തിന് പിന്നാലെ തിരുവനന്തപുരത്തും അഭിഭാഷകരുടെ അക്രമം. വഞ്ചിയൂര്‍ കോടതിയില്‍നിന്ന് കല്ലുകളും മദ്യകുപ്പികളും ട്യൂബ്ലൈറ്റും വലിച്ചെറിഞ്ഞാണ് അഭിഭാഷകര്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്കും ഒരു ഗുമസ്തനും പരിക്കേറ്റു. കോടതിയിലെ മീഡിയാ റൂം പൂട്ടിയിട്ട അഭിഭാഷകര്‍ നാലാം ലിംഗക്കാര്‍ക്ക് പ്രവേശനമില്ലെന്ന് പോസ്റ്ററൊട്ടിച്ചു. മാധ്യമ സ്ഥാപനങ്ങളുടെ വണ്ടികളും ഇവര്‍ അടിച്ചു തകര്‍ത്തു.

നാലുമണിയോടെ ഉണ്ടായ ആക്രമണത്തില്‍ ജീവന്‍ ടിവി റിപ്പോര്‍ട്ടര്‍ അനില്‍ലാലിന് തലയ്ക്ക് സാരമായ പരിക്കേറ്റു. ഇതിനുശേഷം പൊലീസും രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി ആക്രമണം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും അഭിഭാഷകര്‍ മദ്യക്കുപ്പികള്‍ വലിച്ചെറിഞ്ഞു. ഈ ആക്രമണത്തില്‍ കേരള കൌമുദി റിപ്പോര്‍ട്ടര്‍ രാജീവിന് തലയ്ക്ക് ഗുരുതര പരിക്കേറ്റു.

വൈകിട്ട്, കടകംപള്ളി ഭൂമിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയാണ് അഭിഭാഷകരുടെ അതിക്രമം ഉണ്ടായത്. സംഘടിതരായെത്തിയ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തരെ ആക്രമിച്ച് കോടതിയ്ക്ക് പുറത്താക്കി. തുടര്‍ന്ന് കോടതിയുടെ പുറത്തേക്കുള്ള കവാടം പൂട്ടിയ അഭിഭാഷകര്‍ പുറത്തുനിന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കല്ലെറിയുകയായിരുന്നു. കവാടത്തില്‍ സംഘടിച്ചെത്തിയ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അസഭ്യം പറയുകയും വെല്ലുവിളിക്കുകയും ചെയ്തു.

വഴിയാത്രക്കാര്‍ക്കടക്കം കല്ലേറില്‍ പരിക്കേറ്റിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് പ്രദേശവാസികളും ചുമട്ടുതൊഴിലാളികളും മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം കോടതിയ്ക്കു മുന്നില്‍ സംഘടിച്ചിരുന്നു.മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ അഭിഭാഷകര്‍ അടിച്ചു തകര്‍ത്തു. മാധ്യമപ്രവര്‍ത്തകര്‍ കോടതിയില്‍ കയറരുതെന്നാണ് അഭിഭാഷകരുടെ ആവശ്യം. രാവിലെ തന്നെ കോടതിയിലെ മീഡിയാ റൂം പൂട്ടിയിട്ട് നാലാം ലിംഗക്കാര്‍ക്ക് പ്രവേശനമില്ലെന്ന് പോസ്റ്ററൊട്ടിച്ചിരുന്നു. ഉച്ചയോടെ മീഡിയാ റൂം അഭിഭാഷകര്‍ അടിച്ചുതകര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *