താരസംഘടനയിൽ നിന്ന്‌ രാജിവച്ച ശേഷം അടിച്ചമർത്താൻ ശ്രമം; അവസരങ്ങൾ ഇല്ലാതാക്കുന്നു: രമ്യാ നമ്പീശൻ

താരസംഘടനയിൽ നിന്നും രാജിവെച്ച ശേഷം തങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമം നടക്കുന്നുണ്ടെന്ന് രമ്യാ നമ്പീശന്‍. വരുന്ന അവസരങ്ങൾ ഇല്ലാതാക്കാനും സിനിമയിൽ നിന്ന്‌ അകറ്റി നിർത്താനും ശ്രമം നടക്കുന്നുണ്ടെന്നും രമ്യാ നമ്പീശന്‍ ആരോപിച്ചു.

ചില പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. അതെല്ലാം പരിഹരിക്കണം. നിരുത്തരവാദപരമായ സമീപനം ഉണ്ടായ ശേഷമാണ് എഎംഎംഎയില്‍ നിന്നും രാജി വെച്ചത്. പുരുഷന്മാര്‍ക്ക് എതിരെയുള്ള സംഘടനയല്ല വിമൺ ഇൻ സിനിമ കളക്ടീവ്‌ എന്നും രമ്യ നമ്പീശന്‍ പറഞ്ഞു.

ദിലീപിനെ തിരിച്ചെടുക്കുന്നതിന്‌ അനുകൂലമായ താരസംഘടനയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് രമ്യാ നമ്പീശന്‍ ഉള്‍പ്പെടെ നാലു നടിമാര്‍ സംഘടനയിൽ നിന്നും രാജിവെച്ചത്. അക്രമത്തെ അതിജീവിച്ച നടിക്കൊപ്പമല്ല, ആക്രമണം നടത്തിയ ആള്‍ക്കൊപ്പമാണ്‌ സംഘടന എന്നാരോപിച്ചായിരുന്നു രാജി.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ കക്ഷിചേരാനുള്ള എ.എം.എം.എയിലെ അംഗങ്ങളായ വനിത ഭാരവാഹികളുടെ ഹര്‍ജിയെ അക്രമത്തെ അതിജീവിച്ച നടി കോടതിയിൽ എതിര്‍ത്തു. ഹണി റോസ്, രചന നാരായണന്‍കുട്ടി എന്നിവര്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയെയാണ് നടി എതിര്‍ത്തത്. കേസില്‍ തനിക്ക് പുറത്തു നിന്നുള്ള സഹായം ആവശ്യമില്ലെന്നും ഹര്‍ജിയെ എതിര്‍ത്ത്‌ നടി പറഞ്ഞു. തന്നോട് ആലോചിച്ചാണ് സര്‍ക്കാര്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ വച്ചതെന്നും അവര്‍ കോടതിയില്‍ വ്യക്തമാക്കി.

കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ദിലീപിന്റെ ആവശ്യവും ഇന്നാണ് പരിഗണിക്കുന്നത്. വിചാരണക്ക് വനിതാ ജഡ്ജിയും പ്രത്യേക അതിവേഗ കോടതിയും വേണമെന്ന നടിയുടെ ആവശ്യത്തില്‍ അനുകൂല നിലപാടാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *