താന്‍ ഏതു നിമിഷവും കൊല്ലപ്പെട്ടേക്കുമെന്ന് ജിഗ്‌നേഷ് മേവാനി


ഗുജറാത്ത്‌ : ഏതു നിമിഷവും താന്‍ കൊല്ലപ്പെട്ടേക്കുമെന്ന് ഭയക്കുന്നതായി വഡ്ഗാം എംഎല്‍എ ജിഗ്‌നേഷ് മേവാനി. തന്നെയും എന്‍കൗണ്ടര്‍ ചെയ്തില്ലാതാക്കാന്‍ ഗുജറാത്തിലെ ഉന്നത സംഘം ശ്രമിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നെന്ന് മാധ്യമവാര്‍ത്ത മുന്‍നിര്‍ത്തി മേവാനി ട്വീറ്റ് ചെയ്തു.


ഗുജറാത്തിലെ ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെട്ട വാട്ട്‌സ്ആപ്പ് ഗ്രൂപ്പായ ‘എഡിആര്‍ പൊലീസ് ആന്റ് മീഡിയ’ വഴി കഴിഞ്ഞ ദിവസം പുറത്തുവന്ന രണ്ട് വീഡിയോയുടെ പശ്ചാത്തലത്തിലാണ് താന്‍ ഏതു നിമിഷവും കൊല്ലപ്പെട്ടേക്കുമെന്ന് ഭയക്കുന്നതായി ജിഗ്‌നേഷ് മേവാനി ട്വീറ്റ് ചെയ്തത്.


രണ്ടു വീഡിയോകളില്‍ ആദ്യത്തേത് രാഷ്ട്രീയക്കാരനെപ്പോലെ വസ്ത്രം ധരിച്ച ഒരാളെ പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതും മറ്റൊന്ന് പൊലീസ് എന്‍കൗണ്ടറിനെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ന്യായീകരിക്കുന്നതുമാണ്. പൊലീസിന്റെ തന്തയാകാന്‍ നോക്കുന്നവരോടും പൊലീസ് നടപടികള്‍ വീഡിയോയില്‍ പകര്‍ത്തുന്നവരുടേയും ഗതി ഇങ്ങനെ ആയിരിക്കുമെന്നും, ഞങ്ങള്‍ ഞങ്ങളുടെ സ്‌കോര്‍ ശരിയാക്കുമെന്നുമുള്ള അഹമ്മദാബാദ് ഡിവൈഎസ്പി, ആര്‍.ബി. ദേവ്ധായുടെ സന്ദേശവും രണ്ടു വീഡിയോകള്‍ക്കും പിന്നാലെ പ്രത്യക്ഷപ്പെടുന്നുമുണ്ട്.



Sharing is Caring