താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാന്‍ നീക്കം – മന്ത്രി തോമസ് ഐസക്

അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്‍പ് താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാന്‍ സംഘപരിവാര്‍ തീരുമാനിച്ചു കഴിഞ്ഞുവെന്നാണ് ബിജെപി നേതാക്കളുടെ ആക്രോശവും കേന്ദ്രസര്‍ക്കാരിന്റെ മൗനവും സൂചിപ്പിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി പ്രതികരണവുമായി രംഗത്തെത്തിയത്.
ഇന്ത്യയിലെ പൈതൃക സൗധങ്ങള്‍ ആര്‍എസ്‌എസിന്റെ കണ്ണിലെ കരടാണ്. ബബറി മസ്ജിദിനെ രെു തര്‍ക്ക മന്ദിരമായി ചിത്രീകരിക്കുകയാണ് സംഘപരിവാര്‍ ആദ്യം ചെയ്തതെന്ന് മന്ത്രി തോമസ് ഐസക് ആരോപിച്ചു. സമാനമായൊരു അവകാശവാദം സംഘപരിവാര്‍ താജ്മഹലിനുമേലും ഉയര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. താജ്മഹലിനെതിരെ മുന്‍നിര ബിജെപി നേതാക്കള്‍ ഉയര്‍ത്തുന്ന വിദ്വേഷ പ്രസ്താവനകള്‍ അജണ്ടയുടെ പ്രകാശനമാണെന്നും അദ്ദേഹം ആരോപിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
താജ്മഹല്‍ ആയുധമാക്കി അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു മുമ്ബ് രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാന്‍ സംഘപരിവാര്‍ തീരുമാനിച്ചു കഴിഞ്ഞുവെന്നു വേണം മനസിലാക്കേണ്ടത്. ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധകരും ജീവിതത്തില്‍ ഒരിക്കലെങ്കിലും കാണാന്‍ മോഹിക്കുന്ന താജ്മഹലിനെച്ചൊല്ലി യോഗി ആദിത്യരാജിനെയും വിനയ് കത്ത്യാറിനെയും പോലുള്ള രണ്ടാംനിര ബിജെപി നേതാക്കളുടെ ആക്രോശങ്ങളും കേന്ദ്രസര്‍ക്കാരിന്റെ മൌനവും നല്‍കുന്ന സൂചന അതാണ്.
യുനെസ്കോയുടെ പൈതൃക പദവി നേടിയ 35 സ്ഥലങ്ങളുണ്ട്, ഇന്ത്യയില്‍. അവയില്‍ ഒന്നാമതാണ് താജ്മഹല്‍. ഇന്ത്യയുടെ ഏറ്റവും ഉജ്ജ്വലമായ വിനോദസഞ്ചാര വിസ്മയം. എണ്‍പതുലക്ഷം പേരാണ് പ്രതിവര്‍ഷം താജ്മഹല്‍ സന്ദര്‍ശിക്കുന്നത്. 2020ല്‍ ഇത് ഒരു കോടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2016 ജൂലൈ മാസത്തില്‍ കേന്ദ്ര സാംസ്ക്കാരിക മന്ത്രി മഹേഷ് ശര്‍മ്മ ലോക്സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയും താജ്മഹലില്‍ നിന്നു ലഭിക്കുന്ന വരുമാനം എത്ര പ്രധാനപ്പെട്ടതാണെന്നു തെളിയിക്കുന്നു. മൂന്നുവര്‍ഷത്തിനുള്ളില്‍ അറ്റകുറ്റപ്പണികള്‍ക്കും മറ്റുമായി 11 കോടി ചെലവിട്ടപ്പോള്‍ താജ്മഹലില്‍ നിന്ന് ടിക്കറ്റ് കളക്ഷനില്‍ നിന്നും മറ്റുമായി 75 കോടി രൂപ വരവുണ്ടെന്നായിരുന്നു അദ്ദേഹം വെളിപ്പെടുത്തിയത്. എന്നാല്‍ ആര്‍എസ്‌എസിന്റെ കണ്ണിലെ കരടാണ് ഈ പൈതൃതസൌധങ്ങള്‍.
ബാബറി മസ്ജിദ് തകര്‍ക്കാന്‍ ആദ്യം അതിനെയൊരു തര്‍ക്കമന്ദിരമാക്കി ചിത്രീകരിക്കുകയാണ് സംഘപരിവാര്‍ ചെയ്തത്. സമാനമായൊരു അവകാശവാദം സംഘപരിവാര്‍ താജ്മഹലിനുമേലും ഉയര്‍ത്താന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. തോജോ മഹാലയ എന്ന ശിവക്ഷേത്രമായിരുന്നു താജ്മഹലെന്നും അതിനുള്ളില്‍ ഹിന്ദുക്കള്‍ക്ക് പൂജ നടത്താന്‍ അനുമതി വേണമെന്നും ആവശ്യപ്പെട്ട് 2015 മാര്‍ച്ച്‌ മാസത്തില്‍ ആറ് അഭിഭാഷകര്‍ ആഗ്രാ ജില്ലാ കോടതിയെ സമീപിച്ചിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ രാജാ പരമാര്‍ദി ദേവ് ആണ് തേജോ മഹാലയ എന്ന ക്ഷേത്രസമുച്ചയം നിര്‍മ്മിച്ചതെന്നനും പിന്നീട് ജയ്പൂര്‍ രാജാവായിരുന്ന രാജാ മാന്‍സിംഗും പതിനേഴാം നൂറ്റാണ്ടില്‍ രാജാ ജെയ്സിംഗുമാണ് ഈ ക്ഷേത്രം കൈകാര്യം ചെയ്തതെന്നും പിന്നിടാണ് ഷാജഹാന്‍ ചക്രവര്‍ത്തി കൈയടക്കിയതെന്നുമൊക്കെയായിരുന്നു ആരോപണങ്ങള്‍.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസയച്ചു. താജ്മഹലെന്ന മനുഷ്യനിര്‍മ്മിത വിസ്മയം ഒരിക്കലും ഒരു ക്ഷേത്രമായിരുന്നില്ലെന്നും യഥാര്‍ത്ഥത്തില്‍ അതൊരു മുസ്ലിം ശവകുടീരമാണെന്നും ഇക്കഴിഞ്ഞ ആഗസ്റ്റില്‍ ഔദ്യോഗികമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കോടതിയില്‍ സത്യവാങ്മൂലം നല്‍കി. പക്ഷേ, സംഘപരിവാറിന്റെ ചരിത്രമറിയുന്നവര്‍ക്ക് ഈ കേസ് ജില്ലാ കോടതിയില്‍ തീരില്ലെന്ന കാര്യം ഉറപ്പാണ്.
ബിഹാറിലെ ധര്‍ഭംഗയില്‍ ഇക്കഴിഞ്ഞ ജൂണില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഘപരിവാറിന്റെ ഈര്‍ഷ്യ തുറന്നു പ്രകടിപ്പിച്ചിരുന്നു. താജ്മഹല്‍ പോലെ വിദേശ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇന്ത്യയുടെ സ്മാരകസ്തംഭങ്ങള്‍ യഥാര്‍ത്ഥ ഇന്ത്യന്‍ സംസ്ക്കാരത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. അതുകൊണ്ടാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ ടൂറിസം മാപ്പില്‍ നിന്ന് താജ്മഹല്‍ അപ്രത്യക്ഷമായത്. മുന്‍നിശ്ചയപ്രകാരമെന്നവണ്ണം വിനയ് കത്യാറും സംഗീത സോമും നടത്തിയ വിദ്വേഷ പ്രസ്താവനകള്‍ യഥാര്‍ത്ഥ അജണ്ടയുടെ പ്രകാശനമാണ്.
ഈ വാദളൊന്നും ഇന്നും ഇന്നലെയും ആരംഭിച്ചതല്ല. പുരുഷോത്തം നാഗേഷ് ഓക്ക് എന്നസ്വയം പ്രഖ്യാപിത ചരിത്രകാരന്‍ 1964ല്‍ സ്ഥാപിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റീറൈറ്റിംഗ് ഹിസ്റ്ററി എന്ന സ്ഥാപനവും ഇന്ത്യന്‍ ചരിത്രഗവേഷണത്തിലെ ചില അസംബന്ധങ്ങള്‍ ( Some Blunders of Indian Historical Research) എന്ന അദ്ദേഹത്തിന്റെ പുസ്തകവുമൊക്കെ ഇന്ത്യാചരിത്രത്തിലെ ആര്‍എസ്‌എസ് അജണ്ടകള്‍ തുറന്നു പ്രഖ്യാപിച്ചിട്ടുണ്ട്.
വിഷ്ണു സ്തംഭമെന്ന വാനനിരീക്ഷണ കേന്ദ്രമാണ് കുത്തബ്മിനാറെന്നും ഫത്തേപ്പൂര്‍ സിക്രിയും മറ്റുമൊക്കെ അതാതു കാലത്തെ ഹിന്ദു രാജാക്കന്മാരുടെ കൊട്ടാരങ്ങളായിരുന്നുവെന്നുമൊക്കെയാണ് നാഗേഷ് ഓക്കിന്റെ വാദങ്ങള്‍. അദ്ദേഹം അവിടെ നിര്‍ത്തുന്നില്ല. മക്കയിലെ കാബയില്‍ വിക്രമാദിത്യരാജാവിന്റെ ശാസനങ്ങള്‍ ഉണ്ടെന്നും അറേബ്യന്‍ ഉപഭൂഖണ്ഡം ഇന്ത്യന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നുവെന്ന് ഇത് അസന്നഗ്ധമായി തെളിയിക്കുന്നുവെന്നുമൊക്കെയുള്ള വാദങ്ങള്‍ ഈ ലിങ്കില്‍ വായിക്കാം. ( http://www.hinduism.co.za/kaabaa.htm).
ബാബറി മസ്ജിദിനെ തകര്‍ത്തുകൊണ്ട് ആരംഭിച്ച നവഹിന്ദുത്വത്തിന്റെ പടയോട്ടം അടുത്ത ഘട്ടത്തിനു കോപ്പുകൂട്ടുകയാണ്. ലോകമെമ്ബാടുമുള്ള കവികളെയും സാഹിത്യകാരന്മാരെയും സഞ്ചാരപ്രേമികളെയും സൌന്ദര്യാരാധകരെയും നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ ആ അജണ്ടയ്ക്ക് ഇരയാകുന്നുവെന്നതാണ് ഏറ്റവും വലിയ ദുരന്തം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *