ഹരിയാനയിലെ റോത്തക്കില്‍ വെച്ച് വിവാദ പ്രസ്താവന നടത്തിയ യോഗ ഗുരു ബാബാ രാംദേവിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. 2016 ഏപ്രിലില്‍ രാംദേവ് പ്രസംഗത്തിനിടെ ഭാരത് മാതയെ അപമാനിക്കുന്നവരെ തല വെട്ടുമെന്ന് പറഞ്ഞതിനെതിരെയാണ് രാംദേവിനെതിരെ റോത്തക്കിലെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ഭാരത് മാതയെ ബഹുമാനിക്കാത്ത ഒരാളുടെ അല്ല, ആയിരങ്ങളുടെയും ലക്ഷങ്ങളുടെയും തലയെടുക്കുമെന്നാണ് രാംദേവ് ആര്.എസ്.എസ് സംഘടിപ്പിച്ച സദ്ഭാവനാ സമ്മേളനത്തില്‍ പ്രസംഗിച്ചത്.
റോത്തക്കിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലെ ജഡ്ജിയായ ജസ്റ്റിസ് ഹരീഷ് ഗോയല്‍ രാംദേവിനെതിരെ പുറപ്പെടുവിച്ച ജാമ്യമുള്ള വാറണ്ട് സ്വീകരിക്കാതെ രണ്ടുവട്ടവും കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. അടുത്ത ഓഗസ്റ്റ് 3നാണ് കേസില്‍ വീണ്ടും വാദം കേള്‍ക്കുക. ഹരിയാന മുന്‍ ആഭ്യന്തരമന്ത്രിയായിരുന്ന സുഭാഷ് ബത്രയുടെ പരാതിയെ തുടര്‍ന്നാണ് കോടതി കേസ് എടുത്തത്. ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാരിന്റെ ബ്രാന്റ് അംബാസിഡറാണ് ഇപ്പോള്‍ ബാബാ രാംദേവ്.













