‘തലയിടാന്‍ അനുവദിക്കില്ല’; ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോടിയേരി

മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ വിഷയത്തില്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ(എം) സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ക്രമസമാധാനമെന്നത് സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്ന വിഷയമാണ്. അതില്‍ തലയിട്ട് ഭരണഘടനാവിരുദ്ധമായി സമരം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ മറ്റാരെയും അനുവദിക്കില്ല. ഈ വിഷയത്തില്‍ ഉപദേശകന്റെ റോള്‍ മാത്രമാണ് ഗവര്‍ണര്‍ക്കുള്ളതെന്നും കോടിയേരി ദേശാഭിമാനിയിലെ ലേഖനത്തില്‍ വ്യക്തമാക്കി.
തിരുവനന്തപുരത്ത് സമാധാനം ഉറപ്പാക്കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിക്കുകയും മുഖ്യമന്ത്രി രാജ്ഭവനില്‍ എത്താതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ അത് സൃഷ്ടിക്കുന്ന വിവാദം ചെറുതാകില്ലായിരുന്നു. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള കൂടിക്കാഴ്ച ഗൌരവപൂര്‍ണവും സൌഹാര്‍ദപരവുമായിരുന്നെന്നും കോടിയേരി പറഞ്ഞു.
എന്നാല്‍, ആ കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രിയെ രാജ്ഭവനില്‍ ‘സമണ്‍’ ചെയ്‌തെന്ന് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തത് ജനാധിപത്യവ്യവസ്ഥയെയും ഫെഡറല്‍ സംവിധാനത്തെയും ദുര്‍ബലപ്പെടുത്തുന്ന സമീപനമായിപ്പോയി. അത്തരമൊരു ട്വിറ്റര്‍ സന്ദേശം ഗവര്‍ണര്‍ ഒഴിവാക്കേണ്ടതായിരുന്നു.
കോടിയേരി ബാലകൃഷ്ണന്‍
ഭരണഘടനാപരമായി ഗവര്‍ണര്‍ പദവി ആലങ്കാരികമായ ഒന്നാണ്. എങ്കിലും കേന്ദ്രസര്‍ക്കാര്‍ അവരുടെ രാഷ്ട്രീയ ആയുധമായി ഗവര്‍ണറെ, തെരഞ്ഞെടുക്കപ്പെട്ട ഇതര പാര്‍ടികളുടെ സര്‍ക്കാരുകള്‍ക്കെതിരെ പലപ്പോഴും ഉപയോഗിച്ചിട്ടുണ്ട്.
ആര്‍എസ്എസ് നയിക്കുന്ന കേന്ദ്രത്തിലെ ഇപ്പോഴത്തെ ബിജെപി സര്‍ക്കാര്‍ പല സംസ്ഥാന ഗവര്‍ണര്‍മാരെയും സങ്കുചിത രാഷ്ട്രീയനേട്ടത്തിനും സര്‍ക്കാരുകളെ അട്ടിമറിക്കാനും ഉപയോഗപ്പെടുത്തുന്നുണ്ടെന്നും കോടിയേരി സമാധാന കേരളവും ഇടതുപക്ഷവും എന്ന ലേഖനത്തില്‍ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *