തലപ്പാടി ദേശീയപാതയില്‍ രണ്ട് കുട്ടകളടക്കം ആറ് പേരുടെ മരണത്തിനിടയാക്കിയ കര്‍ണാടക ആര്‍ടിസി ബസ് ഡ്രൈവറെ റിമാന്‍ഡ് ചെയ്തു.കര്‍ണാടക സ്വദേശി നിജലിംഗപ്പ ചലവാടിയ്‌ക്കെതിരെയാണ് മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗതയുമാണെന്ന് കണ്ടെത്തിയിരുന്നു ഇതിന് പിന്നാലെയാണ് നടപടി. അപകടത്തിന് ശേഷം ഡ്രൈവറേയും കണ്ടക്ടറെയും മഞ്ചേശ്വം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
വ്യാഴാഴ്ച്ച ഉച്ചയോടെയാണ് ആറ് പേരുടെ മരണത്തിന് കാരണമായ അപകടം ഉണ്ടാകുന്നത്. കാസര്‍കോട് നിന്നും മംഗളൂരുവിലേക്ക് പോകവെ ബസ് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. റോഡില്‍ നിന്ന് തെന്നിമാറിയ ബസ് മറ്റൊരു റിക്ഷയിലും റോഡരികില്‍ ബസ് കാത്ത് നിന്നവരെയും ഇടിച്ച് തെറിപ്പിച്ചു. ഓട്ടോറിക്ഷ ഡ്രൈവര്‍ ഹൈദരലി, യാത്രക്കാരായ ഹവ്വമ്മ, ഖദീജ, നബീസ, ആയിഷ ഫിദ, ഹസ്‌ന എന്നിവരാണ് മരിച്ചത്. ബസ് കാത്തുനിന്ന രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ബസിന്റെ ബ്രേക്ക് തകരാറിലായതാണ് അപകട കാരണമെന്ന് ഡ്രൈവര്‍ വ്യക്തമാക്കിയിരുന്നെങ്കിലും വിശദ പരിശോധനയില്‍ ബ്രേക്കിന് പ്രശ്‌നങ്ങളില്ല എന്ന് കണ്ടെത്തിയിരുന്നു. അമിത വേഗവും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തി. അപകടം നടന്ന സ്ഥലത്തിന് സമീപത്തെ റോഡിന് വീതി കുറവുള്ളതും ബസിന്റെ ടയറുകള്‍ തേഞ്ഞ് തീരാറായതും അപകടത്തിന് മറ്റൊരു കാരണമാണെന്നും പരിശോധനയില്‍ നിന്ന് വ്യക്തമായി.
പരിക്കേറ്റവരുടെ മുഴുവന്‍ ചികിത്സ ചിലവുകളും കര്‍ണാടക സര്‍ക്കാര്‍ വഹിക്കുമെന്ന് ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ അക്രം പാഷ വ്യക്തമാക്കിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തും. അപകടത്തിന് കാരണക്കാരായവര്‍ക്കെതിരെ നടപടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.













