തമ്പി കണ്ണന്താനത്തിന്റെ മൃതദേഹം എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും

കൊച്ചി: പ്രശസ്ത സംവിധായകനും നിര്‍മാതാവും തിരക്കഥാകൃത്തുമായ തമ്പി കണ്ണന്താനത്തിന്റെ (65) മൃതദേഹം ഇന്ന് എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. കൊച്ചിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഉച്ചക്കുശേഷം മൂന്ന് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കുക.

തുടര്‍ന്ന് അദ്ദേഹം താമസിച്ചിരുന്ന എറണാകുളം ഫൈന്‍ ആര്‍ട്‌സ് ഹാളിന് സമീപത്തെ ആല്‍സ എന്ന ഫ്‌ലാറ്റിലേക്ക് മൃതദേഹം മാറ്റും. വ്യാഴാഴ്ച രാവിലെ സ്വദേശമായ കാഞ്ഞിരപ്പള്ളിയിലേക്ക് കൊണ്ടുപോകും. കാഞ്ഞിരപ്പള്ളി പാറത്തോട് സെന്റ് ജോര്‍ജ് ഗ്രേസി മെമ്മോറിയല്‍ പള്ളിയിലാണ് സംസ്‌കാരം.

കരള്‍, വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം 22 മുതല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ച ഉച്ചയോടെയാണ് മരിച്ചത്. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതാണ് മരണകാരണം.

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ കണ്ണന്താനത്തു കുടുംബത്തില്‍ ബേബിയുടെയും തങ്കമ്മയുടെയും ആറാമത്തെ പുത്രനായി 1953 ഡിസംബര്‍ 11നായിരുന്നു അദ്ദേഹത്തിന്റെ ജനനം. കോട്ടയം എംഡി സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും സെന്റ് ഡോമിനിക് കോളജിലുമായിരുന്നു വിദ്യാഭ്യാസം.

സംവിധായകരായ ശശികുമാറിന്റെയും ജോഷിയുടെ സഹായിയായാണു ചലച്ചിത്ര രംഗത്ത് എത്തുന്നത്. 1983ല്‍ ‘താവളം’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. 1986ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ‘രാജാവിന്റെ മകന്‍’ ആണ് തമ്പിയെ പ്രശസ്തനാക്കിയത്. ചിത്രം നിര്‍മിച്ചതും അദ്ദേഹം തന്നെയായിരുന്നു. 2001ല്‍ തമ്പി സംവിധാനം ചെയ്ത ‘ഒന്നാമനി’ലൂടെയാണ് മോഹന്‍ലാലിന്റെ മകന്‍ പ്രണവും അഭിനയ രംഗത്തേക്കെത്തിയത്.

80-90 കാലഘട്ടത്തില്‍ നിരവധി ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്തു. രാജാവിന്റെ മകന്‍, വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്മാര്‍, ഇന്ദ്രജാലം, നാടോടി, ചുക്കാന്‍, മാന്ത്രികം തുടങ്ങി പതിനാറ് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അഞ്ച് സിനിമകള്‍ നിര്‍മിച്ചു. മൂന്ന് സിനിമകള്‍ക്ക് കഥയും തിരക്കഥയും എഴുതി.

2002ല്‍ ‘ലൈഫ് ഓണ്‍ ദി എഡ്ജ് ഓഫ് ഡെത്ത്’ എന്ന ഹിന്ദി സിനിമയും സംവിധാനം ചെയ്തു. 2007ല്‍ പുറത്തിറങ്ങിയ ഒളിവര്‍ ട്വിസ്റ്റ് എന്ന സിനിമയില്‍ തമ്പി കണ്ണന്താനം അഭിനയിക്കുകയും ചെയ്തു. 2004ല്‍ പുറത്തിറങ്ങിയ ‘ഫ്രീഡം’ ആണ് അവസാന ചിത്രം. ഇതിനു ശേഷം സിനിമയുടെ തിരക്കുകളില്‍ നിന്ന് അദ്ദേഹം മാറിനിന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *