തനിക്ക് സമ്മാനമായി കിട്ടിയ രത്നമോതിരം ഹനാന് നല്‍കുമെന്ന് മന്ത്രി കെടി ജലീല്‍


മീന്‍ വിറ്റ് ഉപജീവനം നടത്തുന്ന കോളജ് വിദ്യാര്‍ഥിനി ഹനാന് തനിക്ക് ഉപഹാരമായി ലഭിച്ച രത്ന മോതിരം സമ്മാനിക്കുമെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി ഡോ. കെടി ജലീല്‍. വളാഞ്ചേരിയിലെ കവിത ജ്വല്ലറിയില്‍നിന്ന് ലഭിച്ച മോതിരമാണ് മന്ത്രി ഹനാന് നല്‍കുമെന്ന് പ്രഖ്യാപിച്ചത്.


കവിത ജ്വല്ലറി പെണ്‍കുട്ടികള്‍ക്കായി നടപ്പാക്കുന്ന വിവിധ സ്‌കോളര്‍ഷിപ്പ് പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിനെത്തിയതായിരുന്നു മന്ത്രി. പദ്ധതിയുടെ ഉദ്ഘാടകനായെത്തിയ മന്ത്രിക്ക് ജൂവലറി മാനേജ്മെന്റ് നല്‍കിയതാണ് ഈ മോതിരം. അവിടെവെച്ചുതന്നെ മന്ത്രി വജ്രമോതിരം ഹനാന് നല്‍കുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.


‘ഇവര്‍ സന്തോഷത്തോടെ എനിക്ക് സമ്മാനിച്ച ഈ ഉപഹാരം കേരളക്കരയുടെ അഭിമാനമായി മാറിയ ഹനാന് കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചുകഴിഞ്ഞു. ഇത് തിങ്കളാഴ്ചതന്നെ ഹനാന്‍ പഠിക്കുന്ന തൊടുപുഴയിലെ അല്‍ അസര്‍ കോളേജിലെത്തി ആ മിടുക്കിക്കുട്ടിക്ക് കൈമാറും’- മന്ത്രി പറഞ്ഞു.



Sharing is Caring