തങ്ങളെ പുറത്താക്കിയതാണ് ,പുറത്ത് പോയതല്ല; യു ഡി എഫിനെ ചതിച്ചിട്ടില്ലെന്ന് ജോസ് കെ മാണി

കോട്ടയം: എല്ലാ ധാരണയും പാലിച്ചിട്ടും കേരളാ കോണ്‍ഗ്രസിനെ പുറത്താക്കിയെന്ന് ജോസ് കെ മാണി. തങ്ങളെ പുറത്താക്കിയതാണ് ,പുറത്ത് പോയതല്ല. ചതി കേരളാ കോണ്‍ഗ്രസിന്റെ സംസ്കാരമല്ല. പി.ജെ ജോസഫിന്റെ രാഷ്ടീയ വഞ്ചനയെ കുറിച്ച്‌ കോണ്‍ഗ്രസ് ഒരക്ഷരം മിണ്ടിയില്ല. കെ എം മാണിയുടെ ആത്മാവിനെ കോണ്‍ഗ്രസ് വഞ്ചിച്ചുവെന്നും ജോസ് കെ മാണി പറഞ്ഞു.

കുട്ടനാട്ടില്‍ സ്ഥാനാര്‍ത്ഥിയെ ജോസഫ് വിഭാഗത്തിന് തന്നെ നല്‍കിയ യു ഡി എഫ് യോഗത്തിന് ശേഷമാണ് ജോസ് കെ മാണി പത്രസമ്മേളനം നടത്തിയത്. ജോസ് വിഭാഗവുമായി കൂടുതല്‍ ചര്‍ച്ചകളുടെ ആവശ്യമില്ലെന്നാണ് യു ഡി എഫ് യോഗത്തിന്റെ പൊതുനയം.

കെ.എം മാണിയുടെ രോഗവിവരം പുറത്തുവന്നതിനു പിന്നാലെ പി.ജെ ജോസഫ് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാന്‍ ആരംഭിച്ചു. പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്ക് കേരള കോണ്‍ഗ്രസിന്റെ പൈതൃകം ചാര്‍ത്തിക്കൊടുത്തപ്പോള്‍ കേരള കോണ്‍ഗ്രസുകാരുടെ ആത്മാഭിമാനത്തിനാണ് മുറിവേറ്റത്. കേരള കോണ്‍ഗ്രസ് യു ഡി എഫിനെ ചതിച്ചിട്ടില്ല. പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ശ്രമിച്ചവരുടെ രാഷ്ട്രീയഗൂഢാലോചന വ്യക്തമായി. യു ഡി എഫിലെ എല്ലാ ധാരണകളും ഇന്നോളം കേരള കോണ്‍ഗ്രസ് പാലിച്ചിട്ടുണ്ട്. അവിശ്വാസപ്രമേയത്തിലെ നിലപാട് യു ഡി എഫ് ഒരിക്കല്‍പ്പോലും ചര്‍ച്ചചെയ്തില്ലെന്നും ജോസ് കെ.മാണി പറഞ്ഞു.

യു ഡി എഫ് തീരുമാനം പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മാഭിമാനം ചോദ്യംചെയ്യുന്നതാണ്. മാണിയുടെ പൈതൃകം ആര്‍ക്കെന്നതിന് മറ്റാരുടേയും സര്‍ട്ടിഫിക്കറ്റ് വേണ്ട. എം.പിമാരും എം.എല്‍.എമാരും രാജിവയ്ക്കണം എന്ന ആവശ്യവും ജോസ് കെ.മാണി തള്ളി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *