ഡ്യുവല്‍ കര്‍വ് എച്ച്‌ഡി സ്ക്രീനുമായി സാംസങ്; ഗാലക്സി എസ്8 വിപണിയിലേക്ക്

ഇറങ്ങാനിരിക്കുന്ന സാംസങിന്റെ മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ മോഡല്‍ ഗാലക്സി എസ്8നെക്കുറിച്ചുളള അഭ്യൂഹങ്ങള്‍ക്ക് അറുതിയില്ല. പുതുവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ഗാലക്സി എസ്8 ഔദ്യോഗികമായി അവതരിപ്പിക്കപ്പെടുമെന്നാണ് അറിയുന്നത്. 2016 മാര്‍ച്ച്‌ 11നായിരുന്നു എസ് സീരീസിലെ ഏറ്റവുമൊടുവിലത്തെ മോഡലായ എസ് 7 പുറത്തിറങ്ങിയത്. 2017 ഏപ്രില്‍ മാസത്തിലാകും എസ്7ന്റെ പിന്‍ഗാമിയായ എസ്8 പുറത്തിറങ്ങുകയെന്ന് ചില ടെക് ബ്ലോഗര്‍മാര്‍ ഉറപ്പിച്ചുപറയുന്നു. ഗാലക്സി എസ്8നൊപ്പം എസ്8 പ്ലസ് എന്നൊരു സ്മാര്‍ട്ട്ഫോണ്‍ കൂടി സാംസങ് പുറത്തിറക്കുമെന്നതാണ് ഏറ്റവുമൊടുവില്‍ കേള്‍ക്കുന്ന വാര്‍ത്ത. ഗാലക്സി എസ്8ന്റേത് അഞ്ചിഞ്ച് സ്ക്രീനാണെങ്കില്‍ എസ്8 പ്ലസിന്റേത് ആറിഞ്ച് വലിപ്പമുള്ള സ്ക്രീനായിരിക്കും.

സ്ക്രീനിന്റെ വശങ്ങളിലേക്ക് കൂടി ഡിസ്പ്ലേ ലഭിക്കുന്ന ഡ്യുവല്‍ കര്‍വ് ക്വാഡ് എച്ച്‌ഡി സ്ക്രീനായിരിക്കും രണ്ട് ഫോണുകളിലും. എസ്8ല്‍ നിന്ന് വ്യത്യസ്തമായി സ്ക്രീനിലെ ഉപയോഗത്തിനായി സ്റ്റൈലസും എസ്8 പ്ലസിനൊപ്പം ഉണ്ടാകാനിടയുണ്ട്. ആറിഞ്ച് വലിപ്പമുള്ള സ്ക്രീനുമായി ഇതിനു മുമ്ബും പല കമ്ബനികളും സ്മാര്‍ട്ട്ഫോണുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. സോണി എക്സ്പീരിയ എക്സ്.എ. അള്‍ട്ര, ഗൂഗിള്‍ നെക്സസ് 6, സാംസങിന്റെ തന്നെ ഗാലക്സി എ9 പ്രോ, എല്‍ജിയുടെ ജി ഫ്ളെക്സ് എന്നിവയെല്ലാം ആറിഞ്ച് സ്ക്രീന്‍ സ്മാര്‍ട്ട്ഫോണുകളാണ്.
എന്നാല്‍ ആറിഞ്ച് സ്ക്രീന്‍ വലിപ്പമുള്ള എസ്8 പ്ലസ് ഇറക്കാനുള്ള സാംസങിന്റെ തീരുമാനത്തില്‍ നിന്ന് പ്രധാനപ്പെട്ടൊരു കാര്യം മനസിലാക്കാനുണ്ട്. വലിയ സ്ക്രീന്‍ കൊണ്ട് ശ്രദ്ധ നേടിയ ‘നോട്ട്’ സീരീസ് ഫോണുകളുടെ ഉദ്പാദനം കമ്ബനി നിര്‍ത്തിയേക്കും എന്നതാണാ കാര്യം. നോട്ട് നിരയില്‍ ഏറ്റവുമൊടുവില്‍ ഇറങ്ങിയ നോട്ട് 7 ബാറ്ററി പൊട്ടിത്തെറി കാരണം സാംസങിന് വലിയ ചീത്തപ്പേരുണ്ടാക്കിയിരുന്നു. 5.7 ഇഞ്ചായിരുന്നു നോട്ട് 7ന്റെ സ്ക്രീന്‍ വലിപ്പം. നോട്ട് 7ന് പിന്‍ഗാമിയായി നോട്ട് 8 ഇനിയിറങ്ങാനിടയില്ല. അതിന് പകരമായാണ് ആറിഞ്ച് സ്ക്രീന്‍ വലിപ്പത്തില്‍ ഗാലക്സി എസ്8 പ്ലസ് എന്ന പുത്തന്‍ ഫോണ്‍ കമ്ബനി അവതരിപ്പിക്കുന്നതെന്ന് വ്യക്തം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *