അസാധു നോട്ടുകള്‍ കൈവശം വച്ചാല്‍ പിഴയും നാലുവര്‍ഷം തടവും


അസാധുവാക്കിയ 1000, 500 നോട്ടുകള്‍ 2017 മാര്‍ച്ച് 31 ന് ശേഷവും കൈവശം വയ്ക്കുന്നവര്‍ക്ക് പിഴയും തടവ് ശിക്ഷയും. ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. മാര്‍ച്ച് 31 ന് ശേഷം 10,000 രൂപയ്ക്ക് മുകളിലുള്ള അസാധു നോട്ടുകള്‍ കൈവശം വയ്ക്കുന്നതും കൈമാറ്റം ചെയ്യുന്നതും കുറ്റമാകും.


നിയന്ത്രണത്തില്‍ കൂടുതലുള്ള അസാധു നോട്ടുകള്‍ കൈവശം വെയ്ക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്താല്‍ നാല് വര്‍ഷത്തെ തടവിന് പുറമേ 50,000 രൂപവരെ പിഴ ഇടാക്കാനാണ് നിര്‍ദിഷ്ട ഓര്‍ഡിനന്‍സ് വ്യവസ്ഥ ചെയ്യുന്നത്.


കൈവശമുള്ള നോട്ടുകളുടെ അഞ്ചിരട്ടിയോ അല്ലെങ്കില്‍ 50,000 രൂപയോ എതാണോ കൂടുതല്‍ അതാകും പിഴയായി ഈടാക്കുക. ഡിസംബര്‍ 31 വരെയാണ് അസാധുനോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാനുള്ള സമയം. അതിനുശേഷം 2017 മാര്‍ച്ച് 31 വരെ റിസര്‍വ് ബാങ്ക് കേന്ദ്രങ്ങളില്‍ അസാധു നോട്ടുകള്‍ നിക്ഷേപിക്കാം. ഇതിന് ശേഷവും ഇത്തരം നോട്ടുകള്‍ കൈവശം വെക്കുന്നത് തടയാനാണ് നിയമനിര്‍മാണം.

കള്ളപ്പണം തടയുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി 500, 1000 നോട്ടുകള്‍ അസാധുവാക്കിയതായി പ്രഖ്യാപിച്ചത്. 500, 1000 രൂപയുടെ 15.44 ലക്ഷം കോടിയുടെ കറന്‍സിയാണ് പ്രചാരത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍, 90 ശതമാനം പണവും (14 ലക്ഷം കോടി രൂപ) തിരികെ ബാങ്കുകളില്‍ എത്തിയെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.



Sharing is Caring