ഡിവൈഎസ്‌പിയുടെ ആത്മഹത്യ കര്‍ണ്ണാടക മന്ത്രി കെ ജെ ജോര്‍ജ് രാജിവെച്ചു

ഡിവൈഎസ്പിയുടെ ആത്മഹത്യയില്‍ ആരോപണവിധേയനായ കര്‍ണാടക നഗരവികസന മന്ത്രിയും മലയാളിയുമായ കെ ജെ ജോര്‍ജ്ജ് മന്ത്രിസ്ഥാനം രാജിവെച്ചു. ഡിവൈഎസ്പിയുടെ ആത്മഹത്യയില്‍ മന്ത്രിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന കോടതി ഉത്തരവിനെ തുടര്‍ന്നാണ് രാജി. അല്‍പം മുന്‍പ് അന്നപൂര്‍ണേശ്വരി അഡീഷണല്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ആരോപണ വിധേയരായ മന്ത്രിക്കും രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടത്.

ഗണപതിയുടെ മകന്‍ നെഹാല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടത്. അച്ഛന്റെ മരണത്തില്‍ മന്ത്രിക്കും രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെ അന്വേഷണം നടത്താന്‍ കുടക് പൊലീസിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നെഹാല്‍ കോടതിയെ സമീപിച്ചത്.

ഇന്റലിജന്‍സ് ഐജി എ എം പ്രസാദ്, ലോകായുക്ത ഐജിപി പ്രണബ് മൊഹന്തി എന്നിവരാണ് ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥര്‍. കോടതി നിര്‍ദ്ദേശം തങ്ങള്‍ അംഗീകരിക്കുമെന്നും താന്‍ കുറ്റവിമുക്തനായി തിരിച്ചുവരുമെന്ന് 100 ശതമാനം വിശ്വാസം ഉണ്ടെന്നുമായിരുന്നു മന്ത്രി കെ ജെ ജോര്‍ജ്ജ് കോടതി ഉത്തരവിനോട് പ്രതികരിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *