ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് രാജ്യത്ത് കൂടുതല്‍ പിന്തുണ ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന് കീ ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി ഉണ്ടാക്കിയ ഭീം ആപ്പ് ഒന്നരക്കോടി ആളുകള്‍ ഡൗണ്‍ലോഡ് ചെയ്തതായും മോദി അറിയിച്ചു. 125 കോടി ജനങ്ങള്‍ രാജ്യത്തിന്റ പുരോഗതിക്കായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു. കൂടുതല്‍ സ്ത്രീകള്‍ തൊഴില്‍ രംഗത്ത് കടന്ന് വരുന്നത് നല്ല സൂചനയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭക്ഷണം പാഴാക്കുന്നത്കുറ്റമാണെന്നും ഇത് ഉന്മൂലനം ചെയ്യാൻ യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷാദമടക്കമുള്ള മാനസിക രോഗങ്ങള്‍ ചികില്‍സിച്ച് മാറ്റാന്‍ കഴിയുന്നതാണെന്നും ഇത്തരക്കാര്‍ക്ക് സമൂഹത്തിന്റ പിന്തുണയുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജീവന് ഹോമിച്ച ഭഗത്സിങ്, സുഖ്ദേവ്, രാജ്ഗുരു എന്നിവരുടെ ത്യാഗത്തേയും മന്‍കീബാത്തില്‍ മോദി പരാമര്‍ശിച്ചു. സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ബംഗ്ലാദേശിന് ആശംസകള്‍ അറിയിക്കാനും അദ്ദേഹം മറന്നില്ല.













