ഡിജിപി ലോക്നാഥ് ബെഹ്‍റ ജില്ലകൾ തോറും പര്യടനം നടത്തി പരാതികൾ സ്വീകരിക്കും

തിരുവനന്തപുരം: ജനങ്ങളിൽ നിന്ന് പൊലീസ് അകലുന്നെന്ന പരാതി പരിഹരിക്കാൻ ഡിജിപിയുടെ നേരിട്ടുള്ള നീക്കം. എല്ലാ ജില്ലകളിലും നേരിട്ട് അദാലത്തുകൾ നടത്താനാണ് ഡിജിപി ലോക്നാഥ് ബെഹ്‍റയുടെ തീരുമാനം. വിദൂര സ്ഥലങ്ങളില്‍ നിന്ന് ഡിജിപിയെ കണ്ട് പരാതി നല്‍കാൻ വരുന്നവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് അദാലത്ത്. അദാലത്തിന്‍റെ ഒന്നാം ഘട്ടം അടുത്തമാസം നടത്തും. കസ്റ്റഡി മരണങ്ങളുടെയും ലാത്തിച്ചാർജുകളുടെയും പഴി കേൾക്കുന്ന പൊലീസിന് ‘ജനമൈത്രി’ പൊലീസെന്ന നല്ല പേര് തിരിച്ചുകൊണ്ടുവരാനാണ് ഡിജിപിയുടെ നീക്കം.

അദാലത്തിന്‍റെ ഒന്നാം ഘട്ടം അടുത്തമാസം നടത്തും. കൊല്ലം റൂറലില്‍ ആഗസ്റ്റ് 16-നും കാസര്‍ഗോഡ് 20-നും വയനാട് 21-നും ആലപ്പുഴയില്‍ 30-നും പത്തനംതിട്ടയില്‍ 31-നുമാണ് അദാലത്ത്. ജില്ലാ പോലീസ് മേധാവിക്ക് പുറമേ എല്ലാ സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാരും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും അദാലത്തില്‍ പങ്കെടുക്കും.

സംസ്ഥാന പോലീസ് മേധാവിയുടെ സന്ദര്‍ശന വിവരവും അദാലത്ത് നടക്കുന്ന സ്ഥലവും തീയതിയും സമയവും വിവിധ മാധ്യമങ്ങള്‍ വഴി വ്യാപക പ്രചരണം നടത്തുന്നതിന് ജില്ലാ പോലീസ് മേധാവിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവിയുടെ സ്പെഷ്യല്‍ ടീം അദാലത്തിന് രണ്ട് ദിവസം മുമ്പ് അതത് ജില്ലകള്‍ സന്ദര്‍ശിച്ച് ഒരുക്കങ്ങളും സാഹചര്യങ്ങളും വിലയിരുത്തും.

കൂടാതെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളും ബുദ്ധിമുട്ടും മനസ്സിലാക്കുന്നതിനും ജോലിയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമായി ജില്ലകളില്‍ ഒരു സഭ നടത്തുന്നതിനും സംസ്ഥാന പോലീസ് മേധാവി തീരുമാനിച്ചിട്ടുണ്ട്. ഈ സഭയില്‍ എസ്ഐ റാങ്കില്‍ താഴെയുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും. ജില്ലയില്‍ ഏതെങ്കിലും രണ്ട് പോലീസ് സ്റ്റേഷനുകളും സംസ്ഥാന പോലീസ് മേധാവി സന്ദര്‍ശിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *