ജ്വല്ലറി കവര്‍ച്ച;നാലുപേര്‍ കൂടി പിടിയില്‍


പത്തനംതിട്ട: നഗരത്തിലെ ജ്വല്ലറിയില്‍ പട്ടാപ്പകല്‍ ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഭവത്തില്‍ നാലുപേര്‍ കൂടി പിടിയില്‍. തമിഴ്‌നാട്ടിലെ സേലത്തുനിന്നാണ് നാലുപേരും പിടിയിലായത്. വാഹനപരിശോധയ്ക്കിടെയാണ് ഇവര്‍ പിടിയിലാകുന്നത്. ഒരാള്‍ ഓടിരക്ഷപ്പെട്ടു. ഇയാള്‍ സ്വര്‍ണവും പണവുമടങ്ങിയ ബാഗ് തട്ടിയെടുത്ത് ഓടിയെന്നാണു വിവരം. അതേസമയം പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ പത്തനംതിട്ട പൊലിസ് സേലത്തേക്ക് തിരിച്ചിട്ടുണ്ട്.


മുത്താരമ്മന്‍കോവിലിനു സമീപമുള്ള ശ്രീകൃഷ്ണ ജ്വല്ലറിയിലാണു ഞായറാഴ്ച വൈകിട്ട് മോഷണം നടന്നത്. മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ജ്വല്ലറി ജീവനക്കാരനെ പിടികൂടിയിരുന്നു. മഹാരാഷ്ട്ര സ്വദേശിയായ അക്ഷയ്പാട്ടീലിനെയാണ് പിടികൂടിയിരുന്നത്. 15 ദിവസം മുമ്ബാണ് അക്ഷയ് ജ്വല്ലറിയില്‍ ജോലിക്കു പ്രവേശിച്ചത്.


ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിയോടു കൂടിയാണ് പത്തനംതിട്ട നഗരത്തിലെ ജ്വല്ലറിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് മര്‍ദ്ദിച്ച്‌ അഞ്ചംഗ സംഘം നാല് കിലോ സ്വര്‍ണം കവര്‍ച്ച ചെയ്തത്.



Sharing is Caring