ഡാറ്റാ നിരീക്ഷണ വിജ്ഞാപനം: പരിശോധിക്കുമെന്ന് സുപ്രീംകോടതി, കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ചു

ദില്ലി: കേന്ദ്രസര്‍ക്കാരിന്‍റെ വിവാദമായ ‘ഡാറ്റാ നിരീക്ഷണ വിജ്ഞാപനം’ പരിശോധിക്കുമെന്ന് സുപ്രീംകോടതി. ഉത്തരവ് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്ന് ആരോപിച്ചുള്ള പൊതുതാത്പര്യഹര്‍ജികള്‍ കോടതി ഫയലില്‍ സ്വീകരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് ആറാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് കോടതി നോട്ടീസയച്ചിട്ടുണ്ട്.

അഭിഭാഷകരായ ശ്രേയ സിംഗാള്‍, തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ മഹുവ മോയിത്ര എന്നിവരുള്‍പ്പടെയുള്ളവരാണ് ഹര്‍ജികളുമായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. സ്വകാര്യത പൗരാവകാശമായി കണക്കാക്കുന്ന സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ വിജ്ഞാപനം നിലനില്‍ക്കുന്നതല്ലെന്നും റദ്ദാക്കണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം. എന്നാല്‍ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗം വിശദമായി കേട്ട ശേഷമേ സ്റ്റേയുടെ കാര്യത്തില്‍ തീരുമാനമെടുക്കാനാകൂ എന്നും കോടതി വ്യക്തമാക്കി.

10 കേന്ദ്ര ഇന്‍റലിജന്‍സ് ഏജന്‍സികള്‍ക്ക് രാജ്യത്തെ എല്ലാ കമ്ബ്യൂട്ടറുകളിലെയും വിവരങ്ങള്‍ പരിശോധിക്കാന്‍ അനുമതി നല്‍കുന്നതായിരുന്നു വിവാദമായ ഡാറ്റാ നിരീക്ഷണ വിജ്ഞാപനം. നേരത്തെ ഒരു പൗരന്‍റെ ഇ-മെയിലുകളടക്കമുള്ള ഡിജിറ്റര്‍ വിവരങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് മാത്രമേ അവകാശമുണ്ടായിരുന്നുള്ളൂ. പുതിയ വിജ്ഞാപനപ്രകാരം ഇന്‍റലിജന്‍സ് ബ്യൂറോ, നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്സ്മെന്‍ര് ഡയറക്ടറേറ്റ്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്സസ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ്, സിബിഐ, എന്‍ഐഎ, റോ, ഡയറക്ടറേറ്റ് ഓഫ് സിഗ്നല്‍ ഇന്‍റലിജന്‍സ് (ജമ്മു-കശ്മീര്‍, അസം, വടക്കുകിഴക്കന്‍ ജില്ലകള്‍), ദില്ലി പൊലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് പൗരന്‍റെ സ്വകാര്യ ഡിജിറ്റല്‍ വിവരങ്ങള്‍ പിടിച്ചെടുക്കാം, പരിശോധിക്കാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *